കോഴിക്കോട്: കൊട്ടടക്ക മോഷണം പതിവാക്കിയ കള്ളനെ വലയിലാക്കി കൊടുവള്ളി പോലീസ്. നിരവധി വീടുകളില്‍ നിന്ന് ഉണങ്ങിയ അടക്ക മോഷ്ടിച്ച് കടത്തിയ കൂടത്തായി പൂവോട്ടില്‍ അബ്ദുല്‍ ഷമീര്‍ (37) ആണ് പിടിയിലായത്. മോഷണം പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാവലിരിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച അടക്ക വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. എളേറ്റില്‍ ചളിക്കോട് പ്രദേശത്തി നിരവധി വീടുകളില്‍ നിന്നാണ് അടുത്തിടെ കൊട്ടടക്ക മോഷ്ടിക്കപ്പെട്ടത്. മോഷണം പതിവായതോടെ നാട്ടുകാര്‍ സംഘടിച്ച് രാത്രിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മോഷ്ടിച്ച അടക്ക സമീപത്തെവിടെയെങ്കിലും സൂക്ഷിച്ചിരിക്കുമെന്ന ധാരണയില്‍ നാട്ടുകാര്‍ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ വെള്ളിയാഴ്ച രാവിലെ മുക്കത്തെ മലഞ്ചരക്ക് കടയില്‍ അടക്ക വില്‍ക്കാനെത്തിയപ്പോഴാണ് പ്രതിയെ മുക്കം പോലീസിന്റെ സഹായത്തോടെ കൊടുവള്ളി പോലീസ് പിടികൂടിയത്.
അടക്ക മോഷ്ടിക്കാനെത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ മോഷണ വിവരങ്ങള്‍ പുറത്തെത്തിയത്. മോഷ്ടിക്കാന്‍ എത്തിയ വഴികളും മോഷ്ടിച്ച അടക്ക സൂക്ഷിച്ച സ്ഥലവും രാത്രിയില്‍ കഴിയുന്ന സ്ഥലവുമെല്ലാം ചളിക്കോട് പ്രദേശത്ത് തെളിവെടുപ്പിനെത്തിയപ്പോള്‍ പ്രതി പോലീസിന് കാണിച്ചുകൊടുത്തു.
Also Read- ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും
നിർമാണം നടക്കുന്ന വീട്ടിലാണ് പ്രതി രാത്രിയില്‍ കഴിഞ്ഞിരുന്നത്. വീട് നിര്‍മാണ ജോലിയ്ക്കായി ഈ ഭാഗത്ത് എത്തിയിരുന്ന പ്രതി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടിക്കുന്ന അടക്ക ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് പൊളിച്ച ശേഷമാണ് കടത്തിക്കൊണ്ടുപോയിരുന്നത്. കരിമ്പാക്കണ്ടി ജബ്ബാര്‍, വടേക്കണ്ടി ബാസിം എന്നിവരുടെ പരാതിയിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞതോടെ നിരവധി പേരാണ് മോഷണം നടന്നതായ പരാതിയുമായി രംഗത്തെത്തിയത്.
Also Read- കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു രണ്ടു യുവതിയെ പീഡിപ്പിച്ച കേസിൽ സീരിയൽ നടിയെ ചോദ്യം ചെയ്തു
ആറുമാസം മുന്‍പ് ഓമശ്ശേരിയില്‍ വെച്ച് മോഷ്ടിച്ച അടക്കയുമായി വരുന്നതിനിടെ രാത്രിയില്‍ നാട്ടുകാരുടെ മുന്‍പില്‍ അകപ്പെട്ടിരുന്നു. അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മുക്കം, മണാശ്ശേരി, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പണിനടക്കുന്ന ആളൊഴിഞ്ഞ ബഹു നില കെട്ടിടങ്ങളുടെ മുകളിലായിരുന്നു പ്രതി സമയം ചിലവഴിച്ചിരുന്നത്.
മൂന്നു മാസം മുന്‍പ് ഓമശ്ശേരി പുത്തൂരില്‍ വെച്ച് മോഷ്ടിച്ച പള്‍സര്‍ ബൈക്കുമായി മണാശ്ശേരിയില്‍ പിടിയിലാകുമെന്നായപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷെടുകയായിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അനൂപ് അരീക്കര, പി പ്രകാശന്‍, എ എസ് ഐ സജീവന്‍, സീനിയര്‍ സിപിഒമാരായ ജയരാജന്‍, രതീഷ് സി പി ഒ ഷെഫീഖ് നിലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.