നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡിന് കുറുകെ ചാടിയ കാട്ടുപന്നിക്കൂട്ടം ഇടിച്ചു; ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

  റോഡിന് കുറുകെ ചാടിയ കാട്ടുപന്നിക്കൂട്ടം ഇടിച്ചു; ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

  കാട്ടുപന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

  അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ

  അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ

  • Share this:
   കോഴിക്കോട്: കട്ടിപ്പാറയില്‍ കാട്ടുപന്നി കൂട്ടം റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45), റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്‌സിന്‍ (21), മകള്‍ ഷെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ബുധനാഴ്ച രാത്രി പത്തരയോടെ കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. മൂന്നു പേരും താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

   മറ്റൊരു സംഭവത്തിൽ ഈ മാസം ആദ്യമാണ് താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിക്കുകയായിരുന്നു.

   വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.

   നേരത്തെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.

   Related News- കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി കിട്ടിയ കന്യാസ്ത്രീ കൃഷിയിടത്തിലെത്തിയ  പന്നിയെ കുരുക്കിട്ട് പിടിച്ചു

   ഇവിടെ കാലങ്ങളായി കാട്ടുപന്നികൾ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്. കൃഷിയിടങ്ങളിൽ രാത്രി കാലങ്ങളിൽ കാവലിരുന്നാണ് കർഷകർ കാട്ടുപന്നികളെ തുരത്തുന്നത്. ഇത്തരത്തിൽ മറ്റു ജില്ലകളിലും വ്യാപകമായ രീതിയിൽ പന്നിശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ പരാതികൾ വർധിച്ചതോടെയാണ് കാട്ടുപന്നികളെവെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.

   നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നത്. അതേസമയം, കർഷകർക്ക് വെടിവെയ്ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസൻസുള്ള കർഷകർ സ്ഥലം റേഞ്ച് ഓഫിസർക്കോ ഡിഎഫ്ഒക്കോ അപേക്ഷ നൽകണം.
   Published by:Rajesh V
   First published:
   )}