• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട്‌ മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്‌ മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം; രണ്ടുപേർ അറസ്റ്റിൽ

ഓൺലൈനിലൂടെയാണ്‌ ഇവർ കസ്റ്റമർമാരെ കണ്ടെത്തിയിരുന്നത്‌

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോഴിക്കോട്‌: മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജർ വയനാട്‌ മാനന്തവാടി സ്വദേശി പി എസ്‌ വിഷ്‌ണു(21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്‌റൂഫ്‌(34) എന്നിവരെയാണ്‌ മെഡി. കോളേജ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തി അറസ്റ്റ്‌ ചെയ്‌തത്‌. ഇവിടെയുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളെ രക്ഷപെടുത്തി ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി.കോർപറേഷന്റെ അനുമതിയില്ലാതെയാണ്‌ കുതിരവട്ടത്ത്‌ നാച്വറൽ വെൽനെസ്‌ സ്‌പാ ആന്റ്‌ ബ്യൂട്ടി ക്ലിനിക്‌ എന്ന  സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌.

വയനാട്‌ സ്വദേശി ക്രിസ്റ്റി, തൃശൂർ സ്വദേശി ഫിലിപ്പ്‌, ആലുവ സ്വദേശി ജെയ്‌ക്‌ ജോസ്‌ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതർ അടപ്പിച്ചിരുന്നു. ഓൺലൈനിലൂടെയാണ്‌ ഇവർ കസ്റ്റമർമാരെ കണ്ടെത്തിയിരുന്നത്‌. ഓൺലൈനിൽ മസാജ്‌ സെന്ററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ച്‌ ഫോണിൽ തിരികെ വിളിക്കുന്നതായിരുന്നു രീതി. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്ന്‌ എത്തിക്കുന്ന സ്‌ത്രീകളെ ഉപയോഗിച്ച്‌ ലൈംഗിക വൈകൃതങ്ങളായിരുന്നു നടത്തിയത്‌.

വൈദ്യപരിശോധനയ്‌ക്ക്‌ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന്‌ ഉടമകൾക്കെതിരെയും കേസെടുത്തു. മെഡി. കോളേജ്‌ സി ഐ ബെന്നി ലാലു, എസ്‌ ഐമാരായ വി വി ദീപ്‌തി, കെ സുരേഷ്‌ കുമാർ, പി കെ ജ്യോതി, പോലീസുകാരായ വിനോദ്‌കുമാർ, റജീഷ്‌, ജിതിൻ, അതുൽ, ജംഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

ജില്ലയില്‍ കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നഗരത്തിൽ നടന്നത് രണ്ട് കൂട്ടബലാത്സംഗങ്ങളാണ്.  ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തത്. ഇതിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നാല് പ്രതികളേയും പിടികൂടാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ ജൂലായ് മാസം നടന്ന മറ്റൊരു കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ അന്യ സംസ്ഥാനങ്ങളിൽ തിരഞ്ഞിട്ടുപോലും പോലീസിന് പിടികൂടാനായിട്ടില്ല.

കഴിഞ്ഞദിവസം ചേവരമ്പലത്തെ ഫ്ളാറ്റിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായ കൊല്ലം സ്വദേശിനി ടിക് ടോക് വഴിയാണ് മുഖ്യപ്രതിയായ അത്തോളി സ്വദേശി അജ്നാസിനെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് ചാറ്റിങ്ങിലൂടെയും ഫോൺവിളികളിലൂടെയും വളർന്നു. പ്രേമം നടിച്ച് അജ്നാസ് യുവതിയെ വലയിലാക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അജ്നാസും രണ്ടാംപ്രതി ഫഹദും കൂടിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതിയെ വിളിക്കാനെത്തിയത്. തുടർന്ന് ഫഹദിന്റെ കാറിൽ ചേവരമ്പലത്തെ ഫ്ളാറ്റിൽ എത്തിച്ചു. അതിനിടെ, അജ്നാസും യുവതിയും പണത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായിരുന്നു.

ചേവരമ്പലത്തിലെ ഫ്ളാറ്റിൽവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഫ്ളാറ്റിൽ പ്രതികൾ രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഒരുമുറിയിൽവെച്ച് അജ്നാസാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നാലെ തൊട്ടടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന മൂന്നുപേരെ ഈ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇവർ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

ഇതിന് പിന്നാലെ മറ്റൊരു പീഡന കേസും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവിധ കേന്ദ്രങ്ങളിൽ പോലീസ് റെയിഡ് വ്യാപകമാക്കിയത്
Published by:Karthika M
First published: