കോഴിക്കോട്: മെഡിക്കല്‍ കോളജ് കാമ്പസില്‍ പുതുതായി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്ത് എട്ടുമാസമായിട്ടും തുറന്നുകൊടുത്തില്ല. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തില്‍ വെള്ളവും വൈദ്യുതിയും എത്താത്തതിനെതുടര്‍ന്നാണ് നോക്കുകുത്തിയായി കിടക്കുന്നത്.
45 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജിന് സമീപം ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. 126 ഫ്ളാറ്റുകളുള്ള സമുച്ചയം ഫെബ്രുവരി 12ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയായിരുന്നു ഉദ്ഘാടനം ചെയ്തത്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ എട്ട് മാസമായി ഫ്ലാറ്റ് സമുച്ചയം പൂട്ടികിടക്കുമ്പോഴും അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
വൈദ്യുതി കണക്ഷനും ശുദ്ധജല സൗകര്യവുമില്ലാത്തതാണ് ഫ്ലാറ്റ് തുറന്നുകൊടുക്കാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്തെ ഫ്ളാറ്റുകളിലും ക്വാര്‍ട്ടേഴ്സുകളിലും വെള്ളമെത്തുന്നുണ്ട്. കെട്ടിടത്തിന്റെ മുന്‍ ഭാഗത്ത് തന്നെ വൈദ്യുതി ലൈനുമുണ്ട്. സര്‍ക്കാര്‍ അനാസ്ഥ വെടിഞ്ഞ് ഫ്ലാറ്റുകൾ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ താമസിക്കുന്ന പല ക്വാര്‍ട്ടേഴ്സുകളും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഫ്ലാറ്റ് സമുച്ചയം തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യപ്പെടുന്നത്. പുതിയ ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിനാല്‍ പഴയ ഫ്ലാറ്റുകളിൽ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
മഴയ്ക്ക് മുമ്പ് പുതിയ ഫ്ലാറ്റിലേക്ക് മാറാന്‍ തയ്യാറാവണമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നാല് ഭാഗങ്ങളിലും ജല അതോറിറ്റിയുടെ വെള്ളമെത്തുന്നുണ്ട്. വാല്‍വുകള്‍ സ്ഥാപിച്ചങ്കിലും മീറ്റര്‍ വച്ചിട്ടില്ല. ഓരോ ഫ്ളാറ്റിലേക്കും പ്രത്യേകം വാട്ടര്‍ കണക്ഷനാണ്. പ്ലംബര്‍മാര്‍ക്ക് പണം നല്‍കാത്തതുകൊണ്ടാണ് ശുദ്ധജല സൗകര്യമേര്‍പ്പെടുത്താന്‍ കഴിയാത്തത്. വൈദ്യുതി കണക്ഷനും പ്രത്യേക മീറ്ററുകള്‍ സ്ഥാപിക്കണം. ഇതിനുള്ള തുക അടയ്ക്കാന്‍ മരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇതാണ് ഫ്ലാറ്റ് തുറന്നുകൊടുക്കാന്‍ വൈകുന്നതിലെ കാരണം.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് 10 കി.മീ കിഴക്ക് മാറി കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസിലായിട്ടാണ് സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ കിഴക്ക് മാറിയും, കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. എന്‍.എച്ച് 212 ഹൈവേയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് കോളേജ്. 1957 മെയ് 29ല്‍ അന്നത്തെ കേരള ഗവര്‍ണറായിരുന്ന ഡോ. ബി. രാമകൃഷ്ണ റാവുവാണ് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതേ വര്‍ഷം ഓഗസ്റ്റ് 5ന് അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ഡോ. എ.ആര്. മേനോന് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആദ്യ സാരഥി ഡോ.കെ.എന്‍.പിഷാരോടി ആണ്. ഇപ്പോള്‍ നിലവിലുള്ള കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തത് 1959 മാര്‍ച്ച് 15 നു അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.