കോഴിക്കോട്: ക്ലാസ് മുറിയിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഇതിനെ തുടർന്ന് ജില്ലയിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ എല്ലാ വിദ്യാലയങ്ങളിലും മിന്നൽ പരിശോധന നടത്തി.
സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ചു ജില്ല കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജില്ല കളക്ടർ അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ എല്ലാ പ്രൈവറ്റ് സ്കൂളുകളിലും ഉൾപ്പെടെ പരിശോധന നടത്തും. കോർപ്പറേഷൻ പരിധിയിലുള്ള സ്കൂളിൽ എൻ.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗവും മറ്റു സ്കൂളുകളിൽ എൻ. എസ്.എസ് ടെക്നിക്കൽ വിഭാഗവുമാണ് പരിശോധന നടത്തുക.
ഒരാഴ്ചക്കകം പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. ഓരോ പഞ്ചായത്തിലെയും വിദ്യാലയങ്ങളുടെ ലിസ്റ്റ് നിയോഗിക്കപ്പെട്ട പരിശോധന ടീമിന് അതാതു പഞ്ചായത്ത് സെക്രട്ടറിമാർ നൽകണം. പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എൽ എസ് ജി ഡി എഞ്ചിനീയറും സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ സ്കൂൾ മാനേജർമാരും അടിയന്തിര നടപടികൾ സ്വീകരിക്കും.
വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും തുടർന്നു പ്രവർത്തനാനുമതി നൽകില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി മിനി, തദ്ദേശസ്വയംഭരണ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ വി.അബ്ദുൾ ലത്തീഫ്, എൻ.എസ്.എസ് യൂണിവേഴ്സിറ്റി വിഭാഗം കോർഡിനേറ്റർ കെ.ഷാഫി, ഹയർ സെക്കൻഡറി വിഭാഗം കോർഡിനേറ്റർ എൻ. ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ എ അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.