• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പേരാമ്പ്രയിലെ പനിമരണങ്ങള്‍ക്കു കാരണം നിപാ വൈറസ്; വൈറസ് ബാധ സ്ഥിരീകരിച്ചത് മരിച്ച മൂന്നു പേരില്‍

news18india
Updated: May 21, 2018, 11:11 AM IST
പേരാമ്പ്രയിലെ പനിമരണങ്ങള്‍ക്കു കാരണം നിപാ വൈറസ്; വൈറസ് ബാധ സ്ഥിരീകരിച്ചത് മരിച്ച മൂന്നു പേരില്‍
representational image
news18india
Updated: May 21, 2018, 11:11 AM IST
കോഴിക്കോട്: പേരാമ്പ്രയിലെ പന്തിരിക്കരയില്‍ കഴിഞ്ഞദിവസം ഉണ്ടായ പനിമരണങ്ങള്‍ക്ക് കാരണം നിപാ വൈറസെന്നു സ്ഥിരീകരണം.

പനി ബാധയെ തുടര്‍ന്ന് മരിച്ച മൂന്നു പേരുടെ രക്ത സാമ്പിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗാണുവിനെ സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. ജില്ലയില്‍ അഞ്ചു പേരാണ് പനി ബാധിച്ച് മരിച്ചത്. അതേസമയം രണ്ടു പേരുടെ മരണത്തിനു കാരണം നിപാ വൈറസ് ബാധയാണോ എന്നതിന് സ്ഥിരീകരണമില്ല.

നിപാ വൈറസ് തലച്ചോറിലേക്കു ബാധിക്കുന്നതാണ് മരണത്തിനിടയാക്കുന്നത്.  കഴിഞ്ഞ ദിവസം പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, സാബിത്ത്, മറിയ എന്നിവരാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് ഇതേ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ കൂടി മരിച്ചത്. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ ഇവരില്‍ നിപാ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ 25 പേര്‍ തീവ്രപരിചരണ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മരിച്ച ചങ്ങോരത്ത് സ്വദേശികളെ പരിചരിച്ച നഴ്‌സും പനി ബാധയെ തുടര്‍ന്ന് ആശുപത്രിയിലായി.


പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ആരോഗ്യവിദഗ്ധരുടെ സംഘത്തെ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദയാണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘം തിങ്കളാഴ്ച ജില്ലയിലെത്തും. ഇതിനിടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചെന്ന് മന്ത്രി കെ.കെ ശൈലജ ന്യൂസ് 18നോട് പറഞ്ഞു.

പനി മരണങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐഎംഎയിലെ വിദഗ്ധസംഘത്തെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാല്‍ പോലുള്ള ജീവികളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് നിപാ വൈറസ് മനുഷ്യ ശരീരത്തിലെത്തുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.

  • വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം ഉപയോഗിക്കുക.

  • വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുത്.

  • രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്. ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണം.

  • ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങൾ അനുസരിക്കുകയും വേണം.

  • ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0495 2376063.


ഡോ. വി. ജയശ്രീ ( ജില്ലാ മെഡിക്കല്‍ ഓഫീസര്‍)

First published: May 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍