തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ (Kuthiravattam Hospital)നിന്ന് രക്ഷപ്പെട്ട അന്തേവാസിയുടെ മരണവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിന് സസ്പെൻഷൻ. ഡോ. കെ.സി. രമേശനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നായിരുന്നു റിപ്പോർട്ടിൽ ശിപാര്‍ശ ചെയ്തിരുന്നത്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Also Read-
സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു
രണ്ട് ദിവസം മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണ് മരിച്ചത്.
വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് ഇർഫാൻ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറത്തുവച്ച് അപകടത്തില്‍പെടുകയായിരുന്നു.
Also Read-
കുതിരവട്ടത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കും; ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍
സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.