കോഴിക്കോട്: കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് അന്വേഷണ സംഘം. മൂന്ന് കോടിക്ക് മുകളില്‍ നടന്ന തട്ടിപ്പായതുകൊണ്ട് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ഓഹരിവിപണിയില്‍ നിക്ഷേപിക്കാനാണ് പണം തിരിമറി നടത്തിയതെന്നാണ് കഴിഞ്ഞി ദിവസം അറസ്റ്റിലായ പി എൻ ബി മുന്‍ സീനിയര്‍ മാനേജര്‍ എം പി റിജില്‍ മൊഴി നല്‍കിയത്.
ഭവനവായ്പയായി എടുത്ത അമ്പത് ലക്ഷം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടതോടെയായിരുന്നു സീനിയര്‍ മാനേജര്‍ എം പി റിജിലിന്റെ തട്ടിപ്പുകളുടെ തുടക്കം. ഇത് തിരിച്ചുകിട്ടാന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ നിന്ന് പണമെടുത്ത് ഓഹരിവിപണിയില്‍ നിക്ഷേപിച്ചു. ലോണിന്റെ മാസതവണ അടക്കാനും പണം തിരിമറി നടത്തി. തുടക്കത്തിലെ തട്ടിപ്പ് പിടിക്കപ്പെടാതായതോടെ കൂടുതല്‍ തിരിമറികള്‍ നടത്തിയെന്ന് റിജില്‍ അന്വേഷണസംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു. ആകെ 21.29കോടിയുടെ തിരിമറിയില്‍ 12.68കോടി പൂര്‍ണമായും നഷ്ടപ്പെട്ടു.
കോഴിക്കോട് കോര്പ്പറേഷന് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്ത 12.60 കോടി രൂപ ബാങ്ക് തിരികെ നല്‍കിയെങ്കിലും പലിശ ലഭിച്ചിട്ടില്ല. ഒരു വ്യക്തി നടത്തിയ തട്ടിപ്പിന്റെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അക്കൗണ്ടുകള്‍ മാറ്റില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
പലിശയായി കിട്ടേണ്ട തുകയും ബാങ്കില്‍ നിന്ന് കിട്ടുമെന്ന് ഉറപ്പുലഭിച്ചെന്നും മുഴുവന്‍ അക്കൌണ്ടുകളും ഓഡിറ്റ് ചെയ്യുകയാണെന്നും മേയര്‍ വ്യക്തമാക്കി. കേസ് സംസ്ഥാന ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ മൂന്ന് കോടിക്ക് മുകളിലുള്ള തട്ടിപ്പ് നടന്നിട്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.