കോഴിക്കോട്: ട്രെയിനിൽ അക്രമി തീയിട്ടതിന് പിന്നാലെ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട മട്ടന്നൂർ സ്വദേശി റഹ്മത്തിന്റേയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മൃതദേഹങ്ങൾ ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് ഖബറടക്കിയത്.
വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച നൗഫീഖിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചിരുന്നു. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയ മൂന്നു പേരുടെ മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്.
Also Read- കോഴിക്കോട് ട്രെയിനിൽ തീവെപ്പ്: പ്രതി മുഹമ്മദ് ഷാരുഖ് സൈഫി; പിടിയിലെന്ന് സൂചന
കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷമായിരുന്നു റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്ലയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.
Also Read- രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ ചികിത്സ തേടി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന
ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് ഒരു നോമ്പുതുറക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. രാത്രി ഏറെ വൈകിയും തിരിച്ചെത്താത്തിനാൽ കുടുംബം അന്വേഷിച്ചിരുന്നു. എന്നാൽ, ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം അവർ അറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Death, Kozhikode, Postmortem, Train fire