• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

വിപ്ലവനാടക കളരി പൊളിച്ചേക്കും

news18
Updated: May 11, 2018, 4:30 PM IST
വിപ്ലവനാടക കളരി പൊളിച്ചേക്കും
news18
Updated: May 11, 2018, 4:30 PM IST
തൃശൂർ: അരനൂറ്റാണ്ടിലേറെയായി കേരളത്തിന്‍റെ നാടകവേദിയിലെ വിപ്ലവസാന്നിധ്യമായ കെപിഎസിക്കു തിരശീല വീഴുമോയെന്ന് ആശങ്ക. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഇടിച്ചു നിരത്തപ്പെടുന്ന കെട്ടിടങ്ങളുടെ പട്ടികയിൽ കേരളത്തിന്‍റെ വിപ്ലവനാടക കളരിയുമുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ആയില്ലെങ്കിൽ ഒരുപക്ഷേ കെപിഎസി എന്ന പ്രസ്ഥാനം തന്നെ മൺ മറഞ്ഞേക്കാമെന്ന ഭയത്തിലാണ് നാടകപ്രവർത്തകർ.

വർഷങ്ങൾക്കു മുൻപ് 1951ൽ കെപിഎസിയുടെ തിരശീല ഉയർന്നത് ജന്മിത്വത്തിന്‍റെ മുന്നിൽ സഹികെട്ട കുടിയാന്‍റെ മനസിലേക്കാണ്. തങ്ങൾ പറയാൻ കൊതിച്ചതെല്ലാം തിരശീലയ്ക്ക് പിന്നിൽ കഥാപാത്രങ്ങളായി പുനർജനിച്ചപ്പോൾ അടിമവർഗം അതൊന്നായി ഏറ്റുപാടി. പൊന്നരിവാൾ അമ്പിളിയിൽ എന്ന ഗാനം അക്കാലത്ത് തൊഴിലാളി ജനതയുടെ നാവിൻതുമ്പിൽ തത്തിക്കളിച്ചു.

1952ൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ജനഹൃദയങ്ങളിൽ വരുത്തിയ മാറ്റം വിപ്ലവകരമായിരുന്നു. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിൽ നവോത്ഥാനത്തിനു കല ചാലകശക്തിയായി പ്രയോഗിക്കപ്പെട്ടപ്പോൾ അത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജന്മത്തിനു വരെ വഴിതെളിച്ചു.

എത്രയെത്ര മഹാരഥന്മാർ ചുവടുറപ്പിച്ച മണ്ണാണിത്. കേരളനവോത്ഥാനത്തിന്‍റെ പൈതൃകമുറങ്ങുന്ന ഇടം. ഒടുവിൽ കെപിഎസിക്ക് എന്നെന്നേക്കുമായി തിരശീല വീഴുകയാണോ? നാടും നഗരവും വികസിക്കുമ്പിൾ കെപിഎസിക്ക് ഇടമില്ലാതായിരിക്കുന്നു.

ദേശീയപാത വികസനം നടപ്പിലാകുന്നതോടെ വിപ്ലവനാടകകളരിക്ക് ആകെയുള്ള കാമ്പിശേരി കരുണാകരൻ സ്മാരക മന്ദിരവും തോപ്പിൽ ഭാസി ഓഡിറ്റോറിയവും സ്മരണകളിൽ മാത്രമാകും.

വയലാറും ഒഎൻവിയും തോപ്പിൽ ഭാസിയുമൊക്കെ ഇന്ന് കെപിഎസിയുടെ ചുവരുകളിലെ ഓർമ ചിത്രങ്ങളാകുമ്പോൾ ഭാവിയിൽ ചിലപ്പോൾ തന്നെ ആ ചിത്രങ്ങളിലൊന്നായി ഇടം പിടിക്കും.
First published: May 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍