തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാടെടുക്കാന്‍ കാരണം എന്താണെന്നും അതു പാര്‍ട്ടി ഫോറത്തില്‍ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കണമെന്ന് ശശി തരൂരിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നിലപാട് കോണ്‍ഗ്രസ് അധ്യക്ഷ ഒരിക്കൽ കൂടി വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് മോദിയുടേത്. രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്തെ ഗ്രസിച്ചിരിക്കുകയാണെന്നു നാഷണല്‍ സാമ്പിള്‍ സർവേ ഓര്ഗനൈസേഷന് പറയുന്നു. രാജ്യം ഇത്രയും വലിയ തകര്‍ച്ചയിൽ കൂടി കടന്നു പോകുമ്പോള്‍ അതിനു കാരണക്കാരനായ പ്രധാനമന്ത്രിയെ ന്യായീകരിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ 16-ാം ലോക്സഭയില്‍ പ്രതിപക്ഷത്തിരുന്ന് നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ചരിത്രമാണ് തരൂരിനുള്ളത്. അന്ന് അദ്ദേഹത്തോടൊപ്പം സഭയിലുണ്ടായിരുന്ന താന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള തരൂരിന്റെ നിലപാട് മാറ്റത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയും പ്രതിഷേധവുമുണ്ട്. ഇത് പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്യുന്ന നിലപാടല്ല. ഇത് പാര്‍ട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും അടിയന്തിരമായി വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.