• HOME
  • »
  • NEWS
  • »
  • kerala
  • »
  • Chintan Shivir | പിണറായി നേരിടുന്നത് ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണം:  ചിന്തന്‍ ശിബിരം

Chintan Shivir | പിണറായി നേരിടുന്നത് ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണം:  ചിന്തന്‍ ശിബിരം

കേരളത്തിലെ സിപിഎമ്മും ബിജെപിയും രഹസ്യ പാക്കേജിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്; ചിന്തൻ ശിബിർ

  • Last Updated :
  • Share this:
കോഴിക്കോട്: ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിടുന്നതെന്ന്  കെപിസിസി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണകള്ളക്കടത്ത്, ഡോളര്‍ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയില്‍ കേസിലെ പ്രധാനപ്രതി കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകള്‍ നമ്മുടെ ഭരണാധികാരികളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. സിപിഎം പോലുള്ള പാര്‍ട്ടി നേരിടുന്ന ജീര്‍ണ്ണതയിലേക്ക് വിരല്‍ചൂണ്ടുന്നവയാണ് സര്‍ക്കാരിനെതിരെ  ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടിവരുമായിരുന്നു. '

കേരളത്തിലെ സിപിഎമ്മും ബിജെപിയും രഹസ്യ പാക്കേജിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എ.കെ.ജി സെന്റര്‍ അക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടതെന്ന് കെ.സുധാകരന്‍ നടത്തിയ കോഴിക്കോട് പ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നു.

എല്ലായിടത്തുമെന്നതുപോലെ വെറുപ്പിന്റേയും സംശയത്തിന്റേയും അന്തരീക്ഷം നിരന്തരം നിലനിര്‍ത്തിയാണ് ഇന്ത്യയിലും ഫാസിസം തങ്ങളുടെ നിര്‍മ്മിത ശത്രുക്കളെ വേട്ടയാടാന്‍ കളമൊരുക്കുന്നതെന്ന് കെപിസിസി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം. ഇന്ത്യന്‍ ഫാസിസമെന്നത് രാഷ്ട്രീയപരം എന്നതോടൊപ്പം സാംസ്‌ക്കാരിക ഫാസിസം കൂടിയാണ്. പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റേയും പേരുപറഞ്ഞ് കടന്നുവരുന്ന ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്.
അതുകൊണ്ടുതന്നെ വിദ്വേഷ രാഷ്ട്രീയത്തോട് പ്രതിരോധം തീര്‍ക്കാതെ അവയോട് സമരസപ്പെടുന്ന ഒരു പുതു സ്വാഭാവികത (ന്യൂനോര്‍മല്‍) ഇന്ന് രാജ്യത്ത് രൂപപ്പെടുന്നുണ്ട്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാതെ ക്ഷേത്രം നിര്‍മ്മാണം പോലുള്ള വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ഭരണ പരാജയം മൂടിവെക്കുന്ന തന്ത്രമാണ് സംഘപരിവാറിന്റേതെന്ന് ശിബിരം പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കരുത്തും കാന്തിയും വിളംബരം ചെയ്ത് കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ചരിത്ര പ്രഖ്യാപനം. പ്രതിനിധികളായ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്റ് നടത്തിയ 'കോഴിക്കോട് പ്രഖ്യാപനം' രാഷ്ട്രീയ കേരളത്തില്‍ വഴിത്തിരിവാകും. ഐക്യജനാധിപത്യ മുന്നണി വിപുലീകരണം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയാണ് രണ്ടു ദിവസമായ് കോഴിക്കോട് 'കെ.കരുണാകരന്‍ നഗറില്‍' സംഘടിപ്പിച്ച കെപിസിസി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് സമാപനം കുറിച്ചത്.

ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് തീവ്ര വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാവില്ലെന്നും എല്‍ഡിഎഫിലെ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണി വിട്ടു പുറത്തു വരേണ്ടി വരുമെന്നും അവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതു പക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ്; ഇത് മുതലെടുക്കാന്‍ സാധിക്കണം. പ്രവര്‍ത്തകരെ താഴെത്തലം മുതല്‍ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായും കെ. സുധാകരന്‍ പ്രഖ്യാപിച്ചു.

മോദി സര്‍ക്കാരിനെയും കേരളത്തിലെ പിണറായി സര്‍ക്കാരിനെയും രൂക്ഷ ഭാഷയില്‍ കടന്നാക്രമിച്ചാണ്   ചിന്തന്‍ ശിബിരം പ്രഖ്യാപനം നടത്തിയത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ശിബിരം വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. കെപിസിസിയിലും ഡിസിസിയിലും ഇലക്ഷന്‍ കമ്മറ്റി രൂപീകരിക്കും. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനഃസംഘടന നടത്തും.
സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്‌ക്കരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്‌ക്കരിക്കും. ബൂത്ത് തലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തും. കലഹരണപ്പെട്ട പദാവലികള്‍ ഒഴിവാക്കി, പരിഷ്‌കരിക്കും എന്നതുള്‍പ്പെടെ ചരിത്ര പ്രഖ്യാപനങ്ങളാണ് ശിബിരം നടത്തിയത്.

സമാപന സമ്മേളനത്തില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് അധ്യക്ഷനായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എംപി, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എം.എം ഹസ്സന്‍, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മിഷന്‍24), എം.കെ.രാഘവന്‍ എംപി (സംഘടനാ കമ്മിറ്റി), ബെന്നി ബഹ്‌നാന്‍ എംപി (സാമ്പത്തിക കമ്മറ്റി), കൊടിക്കുന്നില്‍ സുരേഷ് എംപി (ഔട്ട് റീച്ച് കമ്മിറ്റി), വി.കെ.ശ്രീകണ്ഠന്‍ എംപി (പൊളിറ്റിക്കല്‍ കമ്മിറ്റി), എഐസിസി സെക്രട്ടറിമാരായ റോജി.എം ജോണ്‍, ശ്രീനിവാസന്‍ കൃഷ്ണന്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് എഴുന്നേറ്റു നിന്ന് ശിബിര പ്രഖ്യാപനം അംഗീകരിച്ചു; ശിബിരം ഹാള്‍ മുദ്രാവാക്യത്താല്‍ മുഖരിതമായി.

കൂടുതല്‍ തെളിച്ചവും വെളിച്ചവും പകര്‍ന്ന് സംഘടനാ ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം പ്രതിനിധികള്‍ നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പ്രൊഫ. കെ. എ തുളസി സ്വാഗതവും കെ.കെ എബ്രഹാം നന്ദിയും രേഖപ്പെടുത്തി.  ദേശീയ പ്രസ്ഥാനകാലം മുതല്‍ കോണ്‍ഗ്രസ് പോരാളികളുടെ വിയര്‍പ്പും ചോരയും വീണ കോഴിക്കോടന്‍ മണ്ണിലെ ചരിത്ര പ്രഖ്യാപനം കെപിസിസിയുടെ നാള്‍വഴികളിലെ സുപ്രധാനമായ നാഴികക്കല്ലാവും.
Published by:Amal Surendran
First published: