• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വനം കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗിമ്മിക്കുകള്‍ ജനം തിരിച്ചറിഞ്ഞു'; കെ സുധാകരന്‍

'വനം കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗിമ്മിക്കുകള്‍ ജനം തിരിച്ചറിഞ്ഞു'; കെ സുധാകരന്‍

വനം കൊള്ളക്ക് കൂട്ടുനിന്ന റവന്യൂ ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അതിന് വഴിയൊരുക്കിയ മന്ത്രിമാര്‍ക്കെതിരെയും ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്ന് കെ സുധാകരന്‍ ചോദിച്ചു

കെ. സുധാകരൻ

കെ. സുധാകരൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വാണിയംപാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലടച്ചവര്‍ ഇന്നെവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.

  കോടികളുടെ വനം കൊള്ളയാണ് സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തില്‍ നടന്നത്. വനം കൊള്ളക്ക് കൂട്ടുനിന്ന റവന്യൂ ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അതിന് വഴിയൊരുക്കിയ മന്ത്രിമാര്‍ക്കെതിരെയും ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്ന് കെ സുധാകരന്‍ ചോദിച്ചു. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവര്‍ക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

  Also Read-കടയ്ക്കാവൂര്‍ കേസ്; അമ്മ നിരപരാധി, മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം

  എല്‍ഡിഎഫ്ല്‍ നിന്ന് സിപിഎംനെ തിരുത്തി യഥാര്‍ത്ഥ ഇടതുപക്ഷമാകാന്‍ പദ്ധതിയിട്ടിരുന്നവര്‍ ഇന്ന് എല്‍ഡിഎഫ്ല്‍ നിന്ന് സിപിഎംനൊപ്പം മത്സരിച്ച് അഴിമതി നടത്തുന്നവരായി പരിണമിച്ചിരിക്കുന്നുവെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു.

  കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  വാണിയംപാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിലായ സംഭവം നമ്മള്‍ മറന്നിട്ടില്ല. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ മലമ്പാമ്പിന്റെ ദേഹത്തു കയറി, പിന്നാലെ ചാവുകയായിരുന്നു. അന്ന് വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍, ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപെടുന്നൊരു യുവാവിന് സംഭവിച്ച കൈപിഴക്ക് കാരുണ്യത്തിന്റെ ഇളവ് പോലും കൊടുക്കാതെ ജയിലടച്ചവര്‍ ഇന്നെവിടെയാണ്?

  കോടികളുടെ വനം കൊള്ളയാണ് സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തില്‍ നടന്നത്. വനം കൊള്ളക്ക് കൂട്ടുനിന്ന റെവന്യൂ ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അതിന് വഴിയൊരുക്കിയ മന്ത്രിമാര്‍ക്കെതിരെയും ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ? അനേകായിരം കോടികളുടെ കള്ളക്കടത്തില്‍ നിന്ന് ഫോറസ്‌ററ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവര്‍ക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണ്? 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാവപെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതം തകര്‍ക്കാന്‍ ആവേശം കാട്ടിയവര്‍ 200 വര്‍ഷം പഴക്കമുള്ള നമ്മുടെ വനസമ്പത്ത് അനധകൃതമായി മുറിച്ച് മാറ്റി വില്പന നടത്തിയപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്.

  പ്രതിപക്ഷത്തിരിക്കുമ്പോഴടക്കം ഇടതുപക്ഷത്തിനകത്തെ നയവ്യതിയാനങ്ങളെയും CPM സ്വീകരിച്ചുപോന്നിരുന്ന പല നിലപാടുകളെയും തിരുത്താന്‍ ശ്രമിച്ചിട്ടുള്ളവരാണ് CPI. ശ്രമങ്ങളൊക്കെയും വിഫലമാകുമ്പോളും തിരുത്തല്‍വാദ പ്രസ്ഥാനം തളരാതെ തങ്ങളുടെ നിലപാടുകളുമായി മുന്നേറിയിരുന്നതുമാണ്. വല്യേട്ടന്‍ കണ്ണുമിഴിക്കുമ്പോള്‍ ചോര്‍ന്നുപോകുന്നതായിരുന്നെങ്കിലും പല വിഷയങ്ങളിലും ന്യായമായ നിലപാട് പറയാന്‍ അന്ന് സിപിഐക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ അഴിമതിയാണ് ആധുനികകാലത്തെ ഇടതുപക്ഷത്തിന്റെ അടിസ്ഥാനശിലയെന്ന് സിപിഐക്ക് വന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ അഴിമതിയല്ല, കൊള്ള തന്നെ നടത്താന്‍ അവര്‍ തീരുമാനിക്കുന്നതെന്നാണ് നാം മനസിലാക്കേണ്ടത്.

  എല്‍ഡിഎഫ്ല്‍ നിന്ന് സിപിഎംനെ തിരുത്തി യഥാര്‍ത്ഥ ഇടതുപക്ഷമാകാന്‍ പദ്ധതിയിട്ടിരുന്നവര്‍ ഇന്ന് എല്‍ഡിഎഫ്ല്‍ നിന്ന് സിപിഎംനൊപ്പം മത്സരിച്ച് അഴിമതി നടത്തുന്നവരായി പരിണമിച്ചിരിക്കുന്നു. ഇത് ഒരുപക്ഷേ ശരിക്കുള്ള ഇടതുപക്ഷ നവോഥാനമായി കാലം അടയാളപ്പെടുത്തിയേക്കാം. കമ്മ്യൂണിസ്റ്റ് തിരുത്തല്‍വാദികളെ ആര് തിരുത്തും എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും വനം കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗിമ്മിക്കുകള്‍ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ സമരമാര്‍ഗങ്ങളുമായി യുഡിഎഫ് മുന്നിലുണ്ടാവും.
  Published by:Jayesh Krishnan
  First published: