മാതൃദിനത്തില്‍ (Mother's Day) അമ്മ കെ.മാധവിയെ ഓര്‍മ്മിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എം.പി (K Sudhakaran). ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്.
ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കിനില്‍ക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളില്‍ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാന്‍ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. ഞാനും എന്റെ സഹപ്രവര്‍ത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിന്മാറിയാല് നൂറുകണക്കിന് അമ്മമാരുടെ കണ്ണീര് വീഴ്ത്താന്‍ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ നന്നായി അറിയാമായിരുന്നു- സുധാകരന് കുറിപ്പില്‍ പറയുന്നു.
ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കി നിൽക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. ഞാനും എൻ്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എൻ്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എൻ്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്. അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.
എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നൽകി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളിൽ പൊരുതാൻ പഠിപ്പിച്ച ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകൾ.
അമ്മയറിയാൻ... മാതൃദിനത്തിൽ അമ്മയുമൊത്തുള്ള ഓർമകൾ പങ്കിട്ട് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: അമ്മ അറിയാൻ... മാതൃദിനത്തിൽ (Mother's Day) അമ്മയെ ഓർത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
മന്ത്രിയുടെ കുറിപ്പിലേക്ക്...
വർഷങ്ങൾക്കിപ്പുറം ഒരു മാതൃദിനത്തിൽ എഴുതുന്ന കുറിപ്പിൽ സ്നേഹത്തിന്റെ മധുരവും കണ്ണീരുപ്പുമുണ്ട്. അമ്മ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷെ മക്കൾ പഠിക്കണമെന്നും സമൂഹത്തിന് ഉപകാരം ഉള്ളവർ ആയിരിക്കണം എന്നും അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.
ചെറുപ്പത്തിൽ എല്ലാത്തിനും അമ്മയുടെ സമ്മതം വേണമായിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്നതിനും മുടി മുറിക്കുന്നതിനും ഒക്കെ അമ്മയുടെ സമ്മതം വേണം. ഫുട്ബാൾ കളിച്ചു തുടങ്ങിയപ്പോൾ അമ്മയ്ക്ക് വലിയ ആധിയായിരുന്നു. വീണ് മുറിവേറ്റ് വൈകി വീട്ടിലെത്തുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. ആ വഴക്കിലെ സ്നേഹം അപ്പോഴും നെഞ്ചോട് ചേർത്തിരുന്നു.
ഞാൻ എസ്.എഫ്.ഐ. പ്രവർത്തനം തുടങ്ങിയതോടെ അമ്മയുടെ ആധി കൂടി. എന്നും സമരവും പോലീസും അറസ്റ്റും ലാത്തിചാർജും. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ ആയപ്പോൾ പാവം അമ്മ ഒരുപാട് സങ്കടപ്പെട്ടു എന്ന് പിന്നീടാണ് അറിഞ്ഞത്. ആ സങ്കടത്തിന്റെ ആഴം അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് യാഥാർഥ്യം. എസ്എഫ്ഐ ഭാരവാഹിത്വം ഏറ്റെടുത്തതോടെ വീട്ടിൽ പോകുന്നത് കുറഞ്ഞു. പാളയത്ത് രാമനിലയത്തിലും പിന്നീട് എംഎൽഎ ഹോസ്റ്റലിൽ റൂം നമ്പർ 48 ലും ആയിരുന്നു വാസം.
ദേശാഭിമാനി അമ്മ എന്നും വായിക്കുമായിരുന്നു. പത്രത്തിൽ കുറച്ച് ദിവസം എൻ്റെ പേരോ പടമോ കണ്ടില്ലെങ്കിൽ അമ്മ അച്ഛനെ പറഞ്ഞു വിടും അന്വേഷിക്കാൻ. വീട്ടിൽ വരുന്ന ദിവസത്തിനായി അമ്മ കാത്തിരിക്കും. ഒപ്പം വരുന്ന എല്ലാ സഖാക്കൾക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അമ്മയുടെ ഭക്ഷണത്തെ കുറിച്ച് ഇപ്പോഴും കൂട്ടുകാർ പറയാറുണ്ട്.
പാർവ്വതി ജീവിത സഖി ആയതോടെ അമ്മക്ക് പാർവതിയെ വേണം എല്ലാത്തിനും എന്ന സ്ഥിതി ആയി. പ്രത്യേകിച്ചും വാർദ്ധക്യത്തിൽ അവശയായപ്പോൾ. അനിയത്തി കനകയും സഹോദരങ്ങളും എല്ലാം അമ്മയെ നന്നായി നോക്കി. എല്ലാ അമ്മമാർക്കും എന്ന പോലെ എൻ്റെ അമ്മക്കും ഞങ്ങൾ നാല് മക്കളും അവരുടെ കുടുംബങ്ങളും ആയിരുന്നു ജീവിതം. എപ്പോഴും ഞങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഞങ്ങളുടെ സുഖവും സന്തോഷവും ആഗ്രഹിക്കുന്ന സ്നേഹനിധി.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അമ്മയെ വേണ്ടത് പോലെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം ഉണ്ട്. പക്ഷെ അമ്മക്കെന്നും അഭിമാനമായിരുന്നു മക്കൾ. "ശിവാ " എന്ന് നീട്ടിവിളിക്കുന്ന അമ്മയുടെ കുട്ടി തന്നെയായിരുന്നു ഞാൻ വളർന്നപ്പോഴും. അമ്മ അറിയാൻ... അമ്മയില്ലായിരുന്നെങ്കിൽ എത്രമേൽ ശൂന്യമായി പോയേനെ ജീവിതം, എത്ര വലിയ വിടവ് ആകുമായിരുന്നു അത്...അമ്മയ്ക്ക്..ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.