തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ ആരോഗ്യമന്ത്രി മപ്പിരന്ന് രാജി വെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചീഞ്ഞുനാറിയിട്ടും സ്വയം ചീഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറന്ന് ഒരക്ഷരംപോലും പറയാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഒറ്റപ്പെട്ട സംഭവം എന്ന വാക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രിയില്‍നിന്ന് പുറത്തുവരുന്നതെന്ന് സുധാകരൻ പറഞ്ഞു. കുത്തേറ്റ വന്ദനയെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് സുധാകരൻ പറഞ്ഞു.
ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് അന്തസായി രാജിവയ്ക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും സിസിടിവി വയ്ക്കണം എന്നൊരു നിര്‍ദേശം മാത്രമാണ് ആരോഗ്യവകുപ്പ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഇതിന് പത്തുപൈസ അനുവദിക്കാത തദ്ദശേസ്ഥാപനങ്ങളുടെ തലയില്‍വച്ചതുമൂലം അതും നടക്കാതെ പോയി.
നിയമം കര്‍ക്കശമാക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി സമരം നടത്തുകയും ഐഎംഎ ഇതു സംബന്ധിച്ച കരട് നല്‍കുകയും ചെയ്തിട്ടും സര്‍ക്കാര്‍ നാളിതുവരെ കണ്ണുതുറന്നിട്ടില്ലെന്ന് സുധാകരൻ വിമർശിച്ചു. ലഹരിക്കടിമപ്പെട്ട പ്രതിയെ രോഗിയായി ചിത്രീകരിച്ച് സ്വന്തം വീഴ്ച മറയ്ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ച സംഭവത്തെ എത്ര ലാഘവത്തോടെയാണ് ആരോഗ്യമന്ത്രി കണ്ടത്. അക്രമിയെ നേരിടാനുള്ള എക്സ്പീരിയന്‍സാണോ ആരോഗ്യസര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതെന്ന് സുധാകരൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.