തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി 2019 ഓഗസ്റ്റ് 5 ചരിത്രത്തില്‍ ഇടംപിടിക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യന്‍ ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുമാണ് ജമ്മു- കാശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 35എ, 370 എന്നീ ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളഞ്ഞത്.
ഇത്രയും നാളും കാശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു നിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു. ജമ്മു- കാശ്മീരില്‍ ഭൂമി വാങ്ങുന്നതിനും താമസിക്കാനുമുള്ള അവകാശം, സര്‍ക്കാര്‍ ജോലികളില്‍ സംവരണം, പഠനത്തിനു സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികള്ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നത് എടുത്തു കളയുന്നതോടെ അവിടത്തെ ജനസംഖ്യാപരമായ അവസ്ഥയില്‍ പോലും മാറ്റം വരികയും അത് കൂടുതല്‍ സംഘര്‍ഷത്തിന് ഇട വരുത്തുകയും ചെയ്യും.
ജമ്മു കാശ്മീര്‍: സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്താന്‍ നിര്ദ്ദേശംപാര്ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രപതി ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. ഏഴു പതിറ്റാണ്ടായി നിലനില്‍ക്കുന്ന ജമ്മു- കാശ്മീരിലെ രാഷ്ട്രീയസംവിധാനം ഒരു ചര്‍ച്ചയും നടത്താതെയും ആരോടും കൂടിയാലോചിക്കാതെയുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില അതിര്‍ത്തി സംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജമ്മു- കാശ്മീരിന്റെ പദവിയില്‍ മാത്രം അഴിച്ചു പണി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജമ്മു- കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ വെച്ച് അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.