അംശവടിയിൽ അടിവസ്ത്രം ഉൾപ്പെടുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം ലഭിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല രംഗത്ത്. ഭൂരിപക്ഷ സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയും അപമാനിച്ച പിണറായി സർക്കാർ ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് മേൽ കുതിര കയറുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചാമക്കാല പറഞ്ഞു. വിശ്വാസങ്ങളും വിശുദ്ധ ചിഹ്നങ്ങളും നെഞ്ചോട് ചേർക്കുന്ന വലിയൊരു ജനവിഭാഗത്തെ സർക്കാർ മുറിപ്പെടുത്തുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഭൂരിപക്ഷ സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയും അപമാനിച്ച പിണറായി സർക്കാർ ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് മേൽ കുതിര കയറുകയാണ്.
ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം ഇതാണ് സൂചിപ്പിക്കുന്നത്.
കലാസൃഷ്ടികളെ ആ നിലയ്ക്ക് കാണണം എന്നതിനോട് യോജിക്കുന്നു. പക്ഷേ അത് ആരുടെയെങ്കിലും വിശ്വാസത്തെ അവഹേളിക്കുന്നതാണെങ്കിൽ സർക്കാരുകൾ അതിന് കുടപിടിക്കരുത്.
എല്ലാക്കാലത്തും ഇന്ത്യയുടെ പൊതുബോധം മതവും വിശ്വാസങ്ങളുമായി ഇഴചേർന്ന് കിടക്കുന്നതാണ്.
യുക്തിവാദം / വൈരുധ്യാത്മക ഭൗതികവാദം ഇവയെല്ലാം സമൂഹത്തിലെ ചെറു ന്യൂനപക്ഷമായ കമ്യൂണിസ്റ്റുകൾക്ക് പറഞ്ഞിട്ടുള്ളതാണ്. അവർ വിശ്വാസങ്ങളെ അനാചാരങ്ങളെന്ന് വിളിക്കും വിശുദ്ധ ചിഹ്നങ്ങളെ പരിഹസിക്കും.
പക്ഷേ ഈ വിശ്വാസങ്ങളും വിശുദ്ധ ചിഹ്നങ്ങളും നെഞ്ചോട് ചേർക്കുന്ന വലിയൊരു ജനവിഭാഗത്തെ സർക്കാർ മുറിപ്പെടുത്തുന്നതാണ് തെറ്റ്.
നിങ്ങളുടെ അവിശ്വാസം എന്റെ വിശ്വാസത്തിനു മേൽ വിലങ്ങണിയിക്കാനുള്ളതെന്ന് കരുതിയാൽ സമൂഹം കലാപത്തിലേക്ക് നീങ്ങും.
മതത്തെയും മതവിശ്വാസങ്ങളെയും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരാൻ 1957 ൽ കാത്തലിക് പേട്രിയോട്ടിക് അസോസിയേഷൻ രൂപീകരിച്ചു കമ്യൂണിസ്റ്റ് ചൈന.
എന്നാൽ വത്തിക്കാനോടുള്ള വിധേയത്വം കൈവിടാതിരുന്ന വിശ്വാസികളെ ഇപ്പോൾ അംഗീകരിക്കേണ്ടി വരികയാണ് ബെയ്ജിങ്ങിന്.
അനുദിനം അന്ത്യശ്വാസം വലിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കും ഇത്തരം തിരിച്ചറിവുകൾ നല്ലതാണ്.
ജനാധിപത്യത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധം കൊണ്ട് കേരളത്തിലെ വിശ്വാസികൾ ഒരു പാഠം പഠിപ്പിച്ചതേയുള്ളൂ.
ഇത്തരം കാർട്ടൂണുകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചാൽ നിയമസഭ തിരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് അതിലും വലുതായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cartoon award controversy, Catholic diocese, Lalithakala academy, Ldf government, എ കെ ബാലൻ, കത്തോലിക്ക സഭ, കാർട്ടൂൺ പുരസ്ക്കാര വിവാദം, ലളിതകലാ അക്കാദമി