• HOME
  • »
  • NEWS
  • »
  • kerala
  • »
  • KPCC SECRETARY PS PRASANTH AGAINST INCLUSION OF CERTAIN NAMES IN THE RESTRUCTURED LIST RV TV

പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിച്ചവര്‍ പുനഃസംഘടനാ പട്ടികയിൽ; നേതൃത്വത്തിനെതിരെ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്

''മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ചന്‍ മനോഭാവം, ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്റെ ആരോഗ്യമില്ലാതാക്കി''

പി എസ് പ്രശാന്ത്, പാലോട് രവി

പി എസ് പ്രശാന്ത്, പാലോട് രവി

  • Share this:
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥസാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയതായി ആരോപണം. കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി എസ് പ്രശാന്താണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. തോല്‍വി പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതിക്കുമുന്നില്‍ ഇത്തരം നേതാക്കള്‍ക്കെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ട്.ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പായി ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കരുതെന്ന് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു.

തോല്‍വി പരിശോധിക്കാന്‍ മേഖലാതലത്തില്‍ 3 സമിതികളെയാണ് കെപിസിസി നിയോഗിച്ചത്. ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ സമിതി വിവിധ മേഖലകളില്‍ നിന്ന് പരാതി സ്വീകരിച്ചിരുന്നു.തിരുവനന്തപുരം ജില്ലയിലെ പല പ്രധാനനേതാക്കളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ രംഗത്തുണ്ടായിരുന്നെന്നാണ് ആരോപണം. തെളിവെടുപ്പില്‍ ഇത് സംബന്ധിച്ച് വ്യാപകമായി പരാതികള്‍ സമിതിക്ക് മുന്നിലെത്തി.

മുന്‍ഗാമിക്കെതിരെ പരാതിനല്‍കി

നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ മുന്‍ഗാമി  പാലോട് രവിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. പാലോട് രവി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തേല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. മുന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചെന്നാണ് ആരോപണം. ഡിസിസി പുനസംഘടനയില്‍ പാലോട് രവിയുടെ പേര് സജീവമായി പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയില്‍ പാലോട് രവിയുടെ പേര് സജീവമായതോടെയാണ് എതിര്‍പക്ഷവും നീക്കമാരംഭിച്ചത്. തോല്‍വി പരിശോധിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നാല്‍ പാലോട് രവിക്കെതിരെ നടപടിയുണ്ടാകുമെന്നത് മുന്നില്‍ കണ്ട്കൂടിയാണ് ഇവരുടെ നീക്കം.

മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവം

കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ഛന്‍ മനോഭാവമാണെന്നാണ് ആരോപണം. തലമുറമാറ്റം   തടയാന്‍ ചില നേതാക്കള്‍ ബോധപൂര്‍വ്വ നീക്കം നടത്തുന്നു. പുതുമുഖങ്ങളെ മല്‍സരിപ്പിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നു. തോല്‍വിയുടെ കാരണം നേതൃത്വം മനസിലാക്കണമെന്ന് ഇവര്‍ ചാണ്ടികാട്ടുന്നു. ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് എഗ്രൂപ്പ് കാരനായ പിഎസ് പ്രശാന്ത് പറഞ്ഞു.

പി എസ് പ്രശാന്തിന് സമാനമായി പലനേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് തുറന്നുപറച്ചില്‍ നടത്തുമെന്നാണ് സൂചന. ആരോപണവിധേയരാവര്‍ക്ക് വിണ്ടും പദവികള്‍ നല്‍കാനാണ് നീക്കമെന്നാണ് ഇത്തരക്കാരുടെ ആരോപണം. തോല്‍വി പരിശോധസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനം നീട്ടിവയ്ക്കുമോയെന്നതാണ് നിര്‍ണ്ണായകം. പുനസംഘടന ചര്‍ച്ചകള്‍ ഡൽഹിയില്‍ പുരോഗമിക്കുകയാണ് ഈ സാഹചര്യത്തിലാണ് പുതിയ ആരോപണം. ആരോപണ വിധേയരായവരെ ഉള്‍കൊള്ളിച്ചുകൊണ്ടാണ് പുനസംഘടന പട്ടികയെങ്കില്‍ വലിയ പ്രതിഷേധത്തിന് ഇത് ഇടവയ്ക്കും. പരസ്യ പ്രസ്താവന വിലക്കിയിട്ടും കൂടുതല്‍ നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുവെന്നതാണ് ശ്രദ്ധേയം.
Published by:Rajesh V
First published:
)}