HOME » NEWS » Kerala » KPCC VICE PRESIDENT AND FORMER WOMEN S COMMISSION CHAIR PERSON K C ROSAKUTTY RESIGNS FROM CONGRESS1

കെ.സി.റോസക്കുട്ടി രാജിവെച്ചു; ഗ്രൂപ്പ് പോരിൽ മനംമടുത്ത് പാർട്ടി വിടുന്നെന്ന് കെപിസിസി വൈസ് പ്രസിഡന്റ്

സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് റോസക്കുട്ടിയുടെ രാജി.

News18 Malayalam | news18
Updated: March 22, 2021, 1:27 PM IST
കെ.സി.റോസക്കുട്ടി രാജിവെച്ചു; ഗ്രൂപ്പ് പോരിൽ മനംമടുത്ത് പാർട്ടി വിടുന്നെന്ന് കെപിസിസി വൈസ് പ്രസിഡന്റ്
കെ സി റോസക്കുട്ടി
  • News18
  • Last Updated: March 22, 2021, 1:27 PM IST
  • Share this:
കൽപറ്റ: കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് പ്രാഥമികാംഗത്വവും രാജിവയ്‌ക്കുന്നതായി റോസക്കുട്ടി അറിയിച്ചു. ബത്തേരി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്നു. ഗ്രൂപ്പ് പോരിൽ മനംമടുത്താണ് രാജിയെന്നും വളരെയധികം ആലോചിച്ചാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്നും റോസക്കുട്ടി പറഞ്ഞു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞു.

1991 ലാണ് ബത്തേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നു. എഐസിസി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. വയനാട്ടിലെ ഏക ജനറൽ സീറ്റായ കൽപറ്റയിൽ ഇത്തവണ സ്ഥാനാർഥിയായി കെ സി റോസക്കുട്ടിയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ ടി സിദ്ദീഖിന് സീറ്റ് നൽകുകയായിരുന്നു.

Also Read- പാലായിലേത് കാപ്പന്റെ മികവല്ലെന്ന് മുഖ്യമന്ത്രി

വനിതകളെ തഴയുന്ന പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോൺഗ്രസിൽ നിന്നും രാജിവയ്‌ക്കുന്നതെന്ന് റോസക്കുട്ടി പറഞ്ഞു. സ്ത്രീകളെ പാർട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയിൽ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വർഗീയ പാർട്ടികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോൺഗ്രസിന് കഴിയില്ല. മഹിളാ കോൺഗ്രസ് പ്രസിഡന്റായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

കൊല്ലം ജില്ലയിൽ ഒരു സീറ്റ് കിട്ടുന്നതിന് ഡി സി സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്‌ണയ്‌ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നു. ഇത്രയേറെ ലിംഗ അസമത്വം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോൾ കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരമാണ്. വയനാട്ടിൽ ഇനി ഹൈക്കമാൻഡ് ഗ്രൂപ്പ് കൂടി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു എന്നും റോസക്കുട്ടി പറഞ്ഞു.

Also Read- AKG ഓർമയായിട്ട് ഇന്ന് 44 വർഷം; ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷത്തെ നയിച്ച ആദ്യ നേതാവ്

പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്ന് റോസക്കുട്ടി വ്യക്തമാക്കി. വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും റോസക്കുട്ടി പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാർഥിത്വമെന്നാണ് ആക്ഷേപം.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോൾ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെ സി റോസക്കുട്ടി അറിയിച്ചു. കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.
Published by: Rajesh V
First published: March 22, 2021, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories