• HOME
 • »
 • NEWS
 • »
 • kerala
 • »
 • VT Balram| 'മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രം എന്തിന് ഇങ്ങനെയൊരു ഇണ്ടാസ്?'; പൊലീസിനെതിരെ വി ടി ബൽറാം

VT Balram| 'മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രം എന്തിന് ഇങ്ങനെയൊരു ഇണ്ടാസ്?'; പൊലീസിനെതിരെ വി ടി ബൽറാം

''ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?''

 • Share this:
  കോഴിക്കോട്: ‌മുസ്ലിം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കാണിച്ച് സർക്കുലർ ഇറക്കിയ പൊലീസിനെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം (VT Balram). മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇണ്ടാസ് എന്തിനെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശശികല അടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്‍റെ പൊലീസ് തയാറാകുമോ എന്നും ബൽറാം ചോദിക്കുന്നു. ട

  വിവാദമായതിന് പിന്നാലെ മയ്യിൽ എസ് എച്ച് ഒയെ സർക്കാർ നീക്കിയിരുന്നു. 'മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നൽകിയ ഒരു നോട്ടിസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഒരു നോട്ടിസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടിസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽനിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്'- മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  വി ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് ശേഷം "സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ" നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല.

  എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം.

  നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

  പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?

  പൊലീസ് നൽകിയ നോട്ടീസ്

  മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

  Also Read- Prophet Remark row | പള്ളികൾക്ക് വിവാദ നോട്ടീസ്: മയ്യിൽ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി; സ്ഥാനത്തുനിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.
  Published by:Rajesh V
  First published: