• HOME
  • »
  • NEWS
  • »
  • kerala
  • »
  • KRail | ആലപ്പുഴ കലക്ടറേറ്റില്‍ കല്ലിടാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം: സ്ഥലത്ത് സംഘര്‍ഷം

KRail | ആലപ്പുഴ കലക്ടറേറ്റില്‍ കല്ലിടാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം: സ്ഥലത്ത് സംഘര്‍ഷം

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ പതിനൊന്നോടെ കലക്ടറേറ്റില്‍ എത്തിയത്

  • Share this:
    ആലപ്പുഴ: കെറെയില്‍ സില്‍വര്‍ലൈന്‍ (K-RAIL SILVER LINE) പദ്ധതിക്കെതിരെ ആലപ്പുഴ (Alappuzha) കലക്ടറേറ്റില്‍ കല്ലിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് (Youth Congress) പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. മതില്‍ചാടിക്കടന്ന് നീങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മുപ്പതോളം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.

    സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ പതിനൊന്നോടെ കലക്ടറേറ്റില്‍ എത്തിയത്. എഐസിസി അംഗവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

    അകത്തു കടന്ന പ്രവർത്തകർ പ്രതീകാത്മകമായി കലക്ടറേറ്റിന്റെ പരിസരത്ത് കല്ലു സ്ഥാപിച്ചു. തുടർന്ന് കലക്ടറേറ്റിന്റെ ജംങ്ഷനിലുള്ള റോഡ് ഉപരോധിക്കുകയും മറ്റൊരു ഗെയ്റ്റിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെയും പോലീസ് നീക്കം ചെയ്തു. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനാൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

    ക്ലിഫ് ഹൗസില്‍ കെറെയില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ വസതിയില്‍ കല്ലിട്ട് യുവമോര്‍ച്ച


    കെറെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടു. മതിൽചാടി കടന്നാണ് ആറ് പ്രവർത്തകർ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പിഴുതെടുത്ത സിൽവർലൈൻ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്.

    ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ -റെയിലിനായി തിരുവനന്തപുരത്ത്‌ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.

    മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെറെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

    വ്യാഴാഴ്ച 12.30ഓടെ ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവർത്തകർ മതിൽ ചാടി വളപ്പിലേക്കു കടന്നു. കല്ലുകൾ പ്രതിഷേധ സൂചകമായി വളപ്പിൽ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവർത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡിൽ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവർത്തകർ കടക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.
    Published by:Arun krishna
    First published: