തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റെയിൽ (KRail) സിൽവർ ലൈൻ (Silverline) വിരുദ്ധസമരക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥൻ ഷബീറിനെതിരെ നടപടി. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ (Civil Police Officer) ഷബീറിനെ തിരുവനന്തപുരത്ത് എആർ ക്യാമ്പിലേക്കാണ് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.
കഴക്കൂട്ടത്ത് കെ റെയിലിന് വേണ്ടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സര്‍വേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
Also Read- സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ സര്‍വേ; കഴക്കൂട്ടം കരിച്ചാറയില്‍ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാരൻ അതിക്രമം കാണിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിക്രമം നടന്നു എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപ്പോർട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറൽഎസ്പി ഉത്തരവിട്ടത്.
Also Read- മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കിവകുപ്പുതല അന്വേഷണത്തിന് ശേഷം തുടർനടപടികളാകാമെന്നാണ് നിർദ്ദേശം. ഇത് വലിയ വിവാദമായതോടെയാണ് ഇപ്പോൾ ഷബീറിനെതിരെ നടപടി വന്നിരിക്കുന്നത്. വിവിധ സംഭവങ്ങളിലായി നിരവധി പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട് ഉദ്യോഗസ്ഥനാണ് ഷെബീർ.
ഈ മാസം 21ന് കഴക്കൂട്ടം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയില്‍ കല്ലിടാനെത്തിയ സംഘത്തിലെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സമരക്കാരനെ സിപിഒ ഷബീര്‍ മര്‍ദിച്ചത്.
സര്‍വേ കല്ലിടുന്നതിനായി ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പോലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി പോവുകയായിരുന്നു. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പോലീസിനു സർക്കാർ നിർദേശം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സ്ഥലത്ത് ഒരു മാസം മുൻപ് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ, അണ്ടൂർക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, അർച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.