സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെറെയില്‍ (KRail) സര്‍വേ (Survey) പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയില്‍ കല്ലിടാനെത്തിയ സംഘത്തിലെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയത് സ്ഥിതി വഷളാകാന്‍ കാരണമായി.
സര്‍വേ കല്ലിടുന്നതിനായി ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പോലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു.
അതേസമയം, കാരിച്ചാറയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ പറയുന്നു. പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പോലീസിനു സർക്കാർ നിർദേശം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും സ്കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാൽ പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സ്ഥലത്ത് ഒരു മാസം മുൻപ് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ, അണ്ടൂർക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, അർച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.