ഉച്ചക്ക് 2നും രാത്രി 10നും ഇടയിൽ വേദികളില്‍ പ്രസംഗം ഒഴിവാക്കുക: ദുരന്ത നിവാരണ അതോറിറ്റി

1991 ൽ ലോക് സഭ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടന്ന അവസരത്തിൽ പ്രചാരണത്തിനിടെ ഇടി മിന്നലേറ്റാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ബാബു ചാഴികാടൻ മരിച്ചത്.

news18-malayalam
Updated: October 1, 2019, 1:09 PM IST
ഉച്ചക്ക് 2നും രാത്രി 10നും ഇടയിൽ വേദികളില്‍ പ്രസംഗം ഒഴിവാക്കുക: ദുരന്ത നിവാരണ അതോറിറ്റി
1991 ൽ ലോക് സഭ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടന്ന അവസരത്തിൽ പ്രചാരണത്തിനിടെ ഇടി മിന്നലേറ്റാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ബാബു ചാഴികാടൻ മരിച്ചത്.
  • Share this:
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച അതോറിറ്റി കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലമായതിനാൽ അതിനുള്ള മുന്നറിയിപ്പും അതോറിറ്റി നൽകിയിട്ടുണ്ട്. 1991 ൽ ലോക് സഭ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടന്ന അവസരത്തിൽ പ്രചാരണത്തിനിടെ ഇടി മിന്നലേറ്റാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ബാബു ചാഴികാടൻ മരിച്ചത്. കോട്ടയം ലോക്സഭാ സ്ഥാനാർഥി രമേശ് ചെന്നിത്തലയുമൊത്ത് തുറന്ന ജീപ്പിൽ സഞ്ചരിക്കവേ വൈകുന്നേരം ആർപ്പൂക്കരയ്ക്കടുത്ത് വാര്യമുട്ടത്ത് വെച്ച് ഇരുവർക്കും ഇടിമിന്നലേൽക്കുകയിരുന്നു. മഴയോ കാർമേഘങ്ങളോ ആ സമയം ഉണ്ടായിരുന്നില്ല . ഇടിയേറ്റ് ബാബുവിന്റെ കഴുത്തിലെ പൂമാല പൊട്ടിച്ചിതറി. ചെന്നിത്തലയ്ക്കും പരിക്കേറ്റു.

ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.  ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്, അതോറിറ്റി മുന്നറിയിപ്പിൽ പറയുന്നു.

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

- ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

*തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക*.

പൊതു നിര്‍ദേശങ്ങള്‍
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

- മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്

- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

- ജനലും വാതിലും അടച്ചിടുക

- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

- ഫോൺ ഉപയോഗിക്കരുത്‌.

- ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

- ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

- പട്ടം പറത്തുവാൻ പാടില്ല.

- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

- ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്.

Also Read  ഇനി ഇടിമിന്നൽ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

First published: October 1, 2019, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading