• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSEB അണക്കെട്ടുകളിലേക്ക് പറന്നിറങ്ങാൻ പദ്ധതി; സംസ്ഥാനത്തെ 14 ഇടങ്ങളിലേക്ക് താൽപര്യപത്രം ക്ഷണിച്ചു

KSEB അണക്കെട്ടുകളിലേക്ക് പറന്നിറങ്ങാൻ പദ്ധതി; സംസ്ഥാനത്തെ 14 ഇടങ്ങളിലേക്ക് താൽപര്യപത്രം ക്ഷണിച്ചു

തുടക്കത്തിൽ ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ഡാമിൽ നിന്ന് വയനാട് ബാണാസുര സാഗർ ഡാമിലേക്ക് ഫ്ലോട്ട് പ്ലെയിൻ സർവീസ് തുടങ്ങാനാണ് നിർദേശം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ (KSEB) ഡാമുകളെ ബന്ധിപ്പിച്ചു ഫ്ലോട്ട് പ്ലെയിൻ (Flot Plane), ഹെലികോപ്റ്റർ (Helicopter) സർവീസുകൾ തുടങ്ങുന്നു. സ്വകാര്യ ഏജൻസികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമുള്ള കമ്പനികളിൽനിന്ന് വൈദ്യുതി ബോർഡ് താൽപര്യപത്രം (Expression of Interest) ക്ഷണിച്ചു. സംസ്ഥാനത്തെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാവുന്ന സീ പ്ലെയിനുകളാണ് ഡാമുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക.

  പദ്ധതിയുടെ തുടക്കത്തിൽ ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ഡാമിൽ നിന്ന് വയനാട് ബാണാസുര സാഗർ ഡാമിലേക്ക് ഫ്ലോട്ട് പ്ലെയിൻ സർവീസ് തുടങ്ങാനാണ് നിർദേശം. ഇടയ്ക്ക് കൊച്ചിയിൽ ഇറങ്ങും. മാട്ടുപ്പെട്ടി സംഭരണിയിൽനിന്ന് പറന്നുയർന്ന് മൂന്നാർ നഗരത്തിന് മുകളിൽ ചുറ്റിയടിച്ച് തിരിച്ചെത്തുന്ന ജോയ് റൈഡിനും നിർദേശമുണ്ട്.  ഒറ്റ എഞ്ചിൻ പ്ലെയിനുകളിൽ 6-12 പേർക്കും ഇരട്ട എഞ്ചിനുകളിൽ 16-22  പേർക്കും യാത്ര ചെയ്യാം. കൂടുതൽ വിനോദ സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

  സ്വകാര്യ ഏജൻസികൾ വഴിയാകും ഫ്ലോട്ട് പ്ലെയിനുകൾ സർവീസ് നടത്തുക. വ്യോമയാന മേഖലയിൽ നിന്ന് ആവശ്യമായ അനുമതികൾ, സുരക്ഷാ ലൈസൻസുകൾ എന്നിവ നേടിയെടുക്കുക സ്വകാര്യ ഏജൻസികളുടെ ഉത്തരവാദിത്തമായിരിക്കും. പ്ലെയിനുകൾ എത്തിക്കുകയും അവരുടെ ജോലിയാണ്. ആദ്യം 14 പേർക്ക് യാത്ര ചെയ്യാവുന്ന ഫ്ലോട്ട് പ്ലെയിനുകളാണ് സർവീസ് നടത്തുക എന്നാണ് വിവരം. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് ചില സ്ഥാപനങ്ങള്‍ കെഎസ്ഇബിയെ സമീപിച്ചതായാണ് വിവരം.

  Also Read- സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം; ഷെജിനും ജ്യോത്സനയ്ക്കും പിന്തുണയുമായി DYFI

  ഡാമുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും സമീപം വൈദ്യുതി ബോർഡിന്റെ സ്ഥലം ലഭ്യമാണെങ്കിൽ ഹെലിപാഡ് നിർമിച്ച് ഹെലികോപ്റ്റർ സർവീസ് നടത്താനാണ് മറ്റൊരു പദ്ധതി. ഇതിനായി 75 മീറ്ററോളം നീളത്തിൽ സ്ഥലം ഉണ്ടാകണം. കമ്പനികൾക്ക് ഹെലിപാഡ് നിർമിച്ചു സർവീസ് നടത്താം.

  യാതൊരു സാമ്പത്തിക ചെലവുമില്ലാതെ വരുമാനം ലഭിക്കുന്ന പദ്ധതിയാണിതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഫ്ലോട്ട് പ്ലെയിൻ സർവീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്കുകളുടെ ഒരു നിശ്ചിത ശതമാനം കെഎസ്ഇബിക്ക് ലഭ്യമാക്കണമെന്നാണ് കരാറിൽ പറയുന്നത്. ഏജൻസിക്ക് ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണമെന്ന് താൽപര്യപത്രത്തിൽ പറയുന്നു.

  കെഎസ്ഇബിയുടെ കൈവശമുള്ള മാട്ടുപെട്ടി, മൂന്നാർ‌, ആനയിറങ്കാൽ, കുണ്ടള, ഇടുക്കി റിസർവോയർ, തേക്കടി, ഇടമലയാർ, കൊച്ചി, പെരിങ്ങൽകുത്ത്, അതിരപ്പിള്ളി, ബാണാസുര സാഗർ, പമ്പ, കക്കി, ഗവി, ശബരിമല എന്നിവ ഉൾപ്പെടുത്തിയാകും സർവീസുകൾ. ജസേചന വകുപ്പിന്റെ കീഴിലുള്ള നെയ്യാർ ഡാം. പൂവാർ/ കോവളം, ഭൂതത്താൻകെട്ട്, പീച്ചി, മലമ്പുഴ, കാരാപ്പുഴ, പഴശ്ശി സാഗർ എന്നിവ കേന്ദീകരിച്ചും സർവീസ് നടത്താം.

  നേരത്തെ കായലുകൾ കേന്ദ്രീകരിച്ച് സീ പ്ലെയിന്‍ സർവീസുകൾ തുടങ്ങാൻ വിനോദ സഞ്ചാര വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഉൾനാടൻ മത്സ്യബന്ധനത്തെ പദ്ധതി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളികൾ എതിർപ്പുയർത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പരീക്ഷണ പറക്കൽ‌ ഉൾപ്പെടെ നടന്നിരുന്നു. കായലുകളിൽ നിന്ന് മാറ്റി ജലസംഭരണികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കിയാൽ എതിർപ്പുണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് കെഎസ്ഇബി ഫ്ലോട്ട് പ്ലെയിൻ സർവീസുകള്‍ എന്ന ആശയവുമായി മുന്നോട്ടുവന്നത്.

  English Summary: KSEB is all set to test the seaplane project with the help of private agencies, which will help in the development of tourism in the state. The board is inviting letter of interest from prospective private parties. Seaplane, an aircraft which can land both on land and sea, will be tested at KSEB's dams. Initially, it will be connected to Mattupetty Dam in Munnar and Banasura Sagar Dam in Wayanad.
  Published by:Rajesh V
  First published: