• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSEB WARNING AFTER THE DEATH OF ONE AND A HALF YEAR OLD GIRL ELECTROCUTED FROM FRIDGE

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ച സംഭവം; അപകട സാധ്യത ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കെഎസ്ഇബി

കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ  കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്.

അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയം

അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയം

  • Share this:
    കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ മുന്നറിയിപ്പ് നിർദേശങ്ങളുമായി കെ എസ് ഇ ബി. വീട്ടിലെ വയറിങ്ങിലെ ഗുണമേൻമ ഇല്ലായ്മയാണ് ഇത്തരമൊരു സങ്കട വാർത്തയ്ക്ക് കാരണമെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കെ എസ് ഇ ബി വിവരിക്കുന്നു.

    കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    കളിക്കുമ്പോൾ റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരണമടഞ്ഞ വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വീട്ടിലെ വയറിംഗിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ സങ്കട വാർത്ത വിരൽ ചൂണ്ടുന്നത്.
    അൽപ്പം ജാഗ്രത പുലർത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.

    1. വീട്ടിലെ എർത്തിംഗ് സംവിധാനത്തിന്റെ നിർമ്മാണവും പരിപാലനവും വളരെ പ്രധാനമാണ്. എർത്തിംഗ് കാര്യക്ഷമമാണെന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഒരു അംഗീകൃത വയർമാൻ/ ഇലക്ട്രീഷ്യന്റെ സഹായം തേടാവുന്നതാണ്.

    2. ത്രീ പിൻ പ്ലഗുകൾ വഴി മാത്രമേ ഇസ്തിരിപ്പെട്ടി, റഫ്രിജറേറ്റർ (ഫ്രിജ്) തുടങ്ങിയ ലോഹ കവചമുള്ള ഉപകരണങ്ങൾ വൈദ്യുതിയുമായി ബന്ധിപ്പിക്കാവൂ. ഏതെങ്കിലും കാരണവശാൽ വൈദ്യുതി ലീക്കായി ലോഹകവചത്തിലേക്കെത്തിയാൽ മൂന്നാമത്തെ പിന്നിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുകയും ഫ്യൂസ് പോകുന്നതിലൂടെയോ MCB ട്രിപ്പാകുന്നതിലൂടെയോ സുരക്ഷ ഉറപ്പാകുകയും ചെയ്യും.

    Also Read- പിഞ്ചു കുഞ്ഞിന്‍റെ തൊണ്ടയിൽ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങി; ഡോക്ടർമാർ വിദഗ്ദ്ധമായി പുറത്തെടുത്തു

    3. വൈദ്യുതാഘാതമേൽക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായാണ് മരണം സംഭവിക്കുന്നത്. സാധാരണ നിലയിൽ 30 മില്ലി ആമ്പിയറിന് മുകളിൽ വൈദ്യുതി ശരീരത്തിലൂടെ കടന്നു പോകുമ്പോഴാണ് അത് മാരകമാകുന്നത്. വീടുകളിലെ മെയിൻ സ്വിച്ചിനു സമീപം നിർബന്ധമായും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ELCB) അഥവാ റെഡിഡ്വൽ കറന്റ്‌ സർക്യൂട്ട് ബ്രേക്കർ (RCCB) സ്ഥാപിക്കുന്നതിലൂടെ ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാനാകും. ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾത്തന്നെ ഈ ഉപകരണം സ്വയം ഓഫായി അപകടം ഒഴിവാക്കും. നിശ്ചിത ഇടവേളകളിൽ ELCB/RCCB യുടെ ടെസ്റ്റ് ബട്ടൺ ഓണാക്കി അവ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
    ജാഗ്രത പുലർത്താം അപകടം ഒഴിവാക്കാം.

    ഫ്രിഡ്ജിന്റെ പിന്നിൽ ഒളിച്ചുകളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

    വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ  കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്.

    ടൈൽസ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു.  പതിവായി ജോലിക്ക് പോകുമ്പോൾ അമ്മയുടെ പക്കലാണ് കുഞ്ഞിനെ ഏൽപ്പിക്കുന്നത്. പതിവുപോലെ ഇന്നും മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ ശ്രുതിയുടെ അമ്മയുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിച്ചു പോവുകയായിരുന്നു.  അതിനിടെ ആണ് ഉച്ചയോടെ മരണം പിഞ്ചു കുഞ്ഞിന്റെ ജീവൻ കവർന്നെടുത്തത്. അയൽപക്കത്തെ കുട്ടികളുമൊത്ത് റൂത്ത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അപകടമുണ്ടായത്.


    സംഭവം നടക്കുമ്പോൾ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി യത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി നാട്ടുകാർ പറയുന്നു. കുഞ്ഞിനെയും കയ്യിൽ വച്ച് ശ്രുതിയുടെ അമ്മ ഇരിക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞു മരിച്ചതായി ഡോക്ടർമാരും പരിശോധനയ്ക്കുശേഷം പറഞ്ഞു.

    സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള വിവരമനുസരിച്ച്  ഷോക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മരണം നാട്ടുകാരേയും ഞെട്ടിച്ചു.

    വിവരം അറിഞ്ഞ ശേഷം പിതാവ് അലനും, മാതാവ് ശ്രുതിയും എത്തുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിതമായുണ്ടായ  വേർപാട് ഇരുവരെയും കടുത്ത ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കിയശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകാതെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരും പ്രതികരിച്ചു.

    ഫ്രിഡ്ജിന് പിന്നിൽ ഷോക്ക് അടിക്കുന്നതിനു കാരണമായി  എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എത്രത്തോളം ശ്രദ്ധ പുലർത്തണമെന്ന കൂടിയാണ് വെമ്പള്ളി സംഭവം തെളിയിക്കുന്നത്. ഷോക്ക് ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കുഞ്ഞു കുട്ടികൾക്ക് എത്രത്തോളം അപകടകരമാണ് എന്നും വെമ്പള്ളി സംഭവം തെളിയിക്കുന്നു.
    Published by:Anuraj GR
    First published:
    )}