പത്തനംതിട്ട : പത്തനംതിട്ട (Pathanamthitta) അടൂർ ഏനാത്തിന് സമീപം കെഎസ്ആർടിസി (KSRTC) ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം (Accident). ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.
മദ്യലഹരിയിൽ KSRTC ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: മദ്യലഹരിയിൽ KSRTC ബസിൻറെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പുനലൂർ തിങ്കൾ കരിക്കം വില്ലേജിൽ ഭാരതിപുരം വെള്ളില പച്ചയിൽ വീട്ടിൽ സോമരാജന്റെ മകൻ മണികുട്ടനെയാണ് (25) പുനലൂർ പോലീസ് അറസ്റ്റു ചെയ്തത്.
മെയ് 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത് അടൂരിൽ നിന്നും പുനലൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതി മദ്യലഹരിയിൽ യാത്രക്കാരോട് മോശമായി പെരുമാറുകയും പാറക്കല്ല് എടുത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര് അറസ്റ്റില്‍
തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവർ അറസ്റ്റിൽ. മദ്യലഹരിയിലായ മൂന്നു യുവാക്കൾ ആണ് അറസ്റ്റിലായത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എ.സി.പി : വി.കെ.രാജുവാണ് മൂവരേയും കയ്യോടെ പിടികൂടിയത്. പൂരം കാണാൻ വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു കോട്ടയം സ്വദേശികളായ അജി , ഷിജാബ് , തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായത്. നവീൻ പടക്ക കച്ചവടക്കാരനാണ്. മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും. കനത്ത മഴയെ തുടര്‍ന്ന് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.