കോഴിക്കോട്: കെഎസ്ആർടിസി (KSRTC) കടുത്ത പ്രതിസന്ധിയിലാണെന്നും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും മന്ത്രി പറയുമ്പോഴും പാഴ്ചെലവായി കോടികൾ നഷ്ടമാകുന്നത് അധികൃതർ തിരിച്ചറിയുന്നില്ല. കോഴിക്കോട് (Kozhikode) കഴിഞ്ഞ ഏഴു വർഷമായി പാർക്ക് ചെയ്യാൻ വേണ്ടി മാത്രമായാണ് ബസുകൾ 16 കിലോമീറ്റർ വെറുതെ ഓടുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഗരത്തിന് സമീപത്തെ പാവങ്ങാടാണ് കോഴിക്കോട് അവസാനിക്കുന്ന ദീർഘദൂര സർവീസ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇവിടേക്ക് പോയി വരാൻ 16 കിലോമീറ്ററാണ് വേണ്ടിവരുന്നത്. ഒരു യാത്രക്കാരൻ പോലുമില്ലാതെ 16 കിലോമീറ്റർ ഓടുന്നത് മൂലം കോടികളുടെ പാഴ്ച്ചെലവാണ് ഉണ്ടാകുന്നത്. ഒരു ദിവസം ഈയിനത്തിൽ ഇപ്പോൾ 16000 രൂപയാണ് നഷ്ടം. കഴിഞ്ഞ ഏഴു കൊല്ലമായി 3.26 കോടി രൂപയാണ് ബസ് പാർക്ക് ചെയ്യാനായി ഓടി നഷ്ടം വരുത്തിയിട്ടുള്ളത്.
കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ദിവസവും 42 ബസുകളാണ് ഇത്തരത്തിൽ വെറുതെ 16 കിലോമീറ്റർ ഓടുന്നത്. റീജിയണൽ വർക്ക് ഷോപ്പ് പാവങ്ങാടേക്ക് മാറ്റി നടക്കാവിൽ ബസ് പാർക്ക് ചെയ്യുന്നതിന് സൌകര്യമൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ നടപടി എടുക്കാമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിലവിൽ റീജിയണൽ വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന നടക്കാവിൽ മൂന്നര ഏക്കറോളം സ്ഥലം കെ എസ് ആർ ടി സിക്ക് സ്വന്തമായുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞാൽ, നടക്കാവിൽ മുഴുവൻ ബസുകളും നിർത്തിയിടാനാകും. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് നടക്കാവിലേക്ക് പോയി വരാൻ നാല് കിലോമീറ്റർ മാത്രം ഓടിയാൽ മതി. നടക്കാവിന് പകരമായി പാവങ്ങാട്ട് റീജിയണൽ വർക്ക് ഷോപ്പിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്യാം.
75 കോടിയോളം മുടക്കി മാവൂർ റോഡിൽ പണികഴിപ്പിച്ചിട്ടുള്ള കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതികളെക്കുറിച്ച് വ്യാപക ആക്ഷേപങ്ങളുണ്ടായിരുന്നു. 80 ബസുകളുള്ള കോഴിക്കോട് യൂണിറ്റിൽ 40 ബസുകൾ മാത്രമാണ് ഡിപ്പോയിൽ പാർക്ക് ചെയ്യാനാകുന്നത്. 2009ൽ മാവൂർ റോഡിൽ പുതിയ ഡിപ്പോ കെട്ടിടം പണി തുടങ്ങിയപ്പോഴാണ് ഡിപ്പോയും ബസ് സർവീസകളുമെല്ലാം പാവങ്ങാട്ടേക്ക് മാറ്റിയത്. ജല അതോറിറ്റിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് പാവങ്ങാട്ട് കെ എസ് ആർ ടി സി ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്. 2015ൽ മാവൂർ റോഡിലെ ഡിപ്പോ നിർമ്മാണം പൂർത്തിയായെങ്കിലും സ്ഥലപരിമിതി മൂലം 40ൽ ഏറെ ബസുകളുടെ പാർക്കിങ് പാവങ്ങാട് തന്നെ തുടരുകയായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.