• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണദിവസം സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേ അപകടം; ചികിത്സയിലായിരുന്നു KSRTC കണ്ടക്ടര്‍ മരിച്ചു

ഓണദിവസം സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേ അപകടം; ചികിത്സയിലായിരുന്നു KSRTC കണ്ടക്ടര്‍ മരിച്ചു

കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ആണ്

  • Last Updated :
  • Share this:
    ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. കരിമുളക്കൽ വല്യയ്യത്ത് ശിവശങ്കരൻ നായർ (51) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രി സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം ബൈക്കിൽ മടങ്ങവേ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. വെട്ടിക്കോട് മുക്കിന് സമീപം കാറിടിച്ച് ആയിരുന്നു അപകടം. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ആണ്.

    കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയം

    കൊല്ലം ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

    ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.

    പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാംപയിന്‍ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാംപയിന്‍ നടത്തുന്നത്.

    വീട്ടിനുമുന്നിൽ നിന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു

    പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്. തിരുവോണ ദിവസം വീട്ടുമുറ്റത്ത് നിൽക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കൊല്ലത്ത് സഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം

    കൊല്ലം ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

    തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനെയും കടിച്ചു.

    നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യന്റെയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്.

    വയനാട്ടിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു

    ഇന്നലെ വയനാട്‌ പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിത്രയ്ക്കാണ് മുഖത്തും തുടയിലും പരിക്കേറ്റത്. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയെ കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    Published by:Rajesh V
    First published: