HOME » NEWS » Kerala » KSRTC FOR THE ATTENTION OF PASSENGERS KSRTC WILL OPERATE 60 PERCENT OF THE SERVICES ON SATURDAY AND SUNDAY

KSRTC | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ശനി, ഞായർ ദിവസങ്ങളിൽ KSRTC 60% സർവ്വീസുകൾ നടത്തും

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കും

News18 Malayalam | news18-malayalam
Updated: April 23, 2021, 8:45 PM IST
KSRTC | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ശനി, ഞായർ ദിവസങ്ങളിൽ KSRTC 60% സർവ്വീസുകൾ നടത്തും
കെ എസ് ആർ ടി സി
  • Share this:
തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നി​ർദ്ദേശാനുസരണം കെ എസ് ആർ ടി സി ഞാറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% ഏപ്രിൽ 24, 25 (ശനി, ഞായർ ) ദിവസങ്ങളിൽ സർവ്വീസ് നടത്തും. കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളി‍ൽ ഓപ്പറേറ്റ് ചെയ്യുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ ഐ എ എസ് അറിയിച്ചു.

അതേ സമയം കെ എസ് ആർ ടി സി അവശ്യ സർവ്വീസ് ആയതിനാൽ ഏപ്രിൽ 21 ന് ഇറങ്ങിയ സർക്കാർ ഉത്തരവ് (GO) 378/ 21 പ്രകാരം ഏപ്രിൽ 24 ന് കെഎസ്ആർടിസി ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെങ്കിലും ഇപ്പോൾ കോവിഡ് വ്യാപനം തുടരുന്നതിനാൽ രോ​ഗ വ്യാപനം തടയുന്നതിനും, സർവ്വീസ് ഓപ്പറേഷൻ ഈ ദിവസം കുറച്ചതിനാലും ശനിയാഴ്ച കെ എസ് ആർ ടി സിയിലെ മുഴുവൻ വിഭാ​ഗത്തിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്നും എംഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ, ഓപ്പറേറ്റിം​ഗ് വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തന അനുമതി നല്‍കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷയ്‌ക്കെത്തുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി നല്‍കും. പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടാതെ ഉടന്‍ മടങ്ങണമെന്നും നിര്‍ദേശമുണ്ട്.


 Also Read-Covid 19 | കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക.

നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

മരണനാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ക്കാണ്.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണകത്തും കൈയ്യില്‍ കരുതണം.

ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം. മരുന്ന്, ഭക്ഷണം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. സ്വന്തമായി തയ്യറാക്കിയ സത്യപ്രസ്താവന കൈയില്‍ ഉണ്ടായിരിക്കണം.

ഹോട്ടലുകള്‍ക്കും റെസ്‌റ്റോരന്റുകള്‍ക്കും ഹോം ഡെലിവറി നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ സത്യപ്രസ്താവന കൈയില്‍ കരുതണം.

പാല്‍, പത്രം, ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ജലവിതരണം, വൈദ്യുതി എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Published by: Anuraj GR
First published: April 23, 2021, 8:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories