തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 600 ഓളം അധിക സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങി. ബദല്‍ സംവിധാനം ലഭിക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
ഇന്ന് ആകെ 2018 ഷെഡ്യൂളുകളാണ് മുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയിലെ ഷെഡ്യൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മാത്രം റദ്ദാക്കേണ്ടി വന്നത് 596 അധിക സര്‍വ്വീസുകളാണ്. 526 ജെന്റം സര്‍വ്വീസുകളില്‍ 180 എണ്ണം മാത്രമാണ് ഓടിയത്. 346 എണ്ണം റദ്ദാക്കി. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 2107 എംപാനല്‍ ഡ്രൈവര്‍ മാര്‍ക്കാണ് ഇന്ന് ജോലി നഷ്ടപ്പെട്ടത്. തെക്കന്‍ മേഖലയിലാണ് കൂടുതല്‍ പേരെ പിരിച്ചുവിട്ടത്. 1479 പേര്. മധ്യമേഖലയില്‍ 257 ഉം വടക്കന്‍ മേഖലയില്‍ 371 പേരെയും പിരിച്ചു വിട്ടു. പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എംപാനല്‍ ഡ്രൈവര്‍ മാരെയും പിരിച്ചു വിട്ടിട്ടുണ്ട്. ഞായറാഴ്ച ആയതിനാല്‍ ഇന്ന് യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. ദീര്‍ഘദൂര ബസുകളില്‍ എംപാനല്‍ ഡ്രൈവര്‍മാരെ ഉപയോഗിക്കാത്തതിനാല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളെ പ്രതിസന്ധി ബാധിക്കില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.