നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാർ, മലക്കപ്പാറ സ്പെഷ്യൽ സർവീസുകൾ വൻവിജയം; ഉല്ലാസയാത്രയിലൂടെ ചരിത്ര വരുമാനം നേടി KSRTC മലപ്പുറം ഡിപ്പോ

  മൂന്നാർ, മലക്കപ്പാറ സ്പെഷ്യൽ സർവീസുകൾ വൻവിജയം; ഉല്ലാസയാത്രയിലൂടെ ചരിത്ര വരുമാനം നേടി KSRTC മലപ്പുറം ഡിപ്പോ

  ലക്ഷ്യമിട്ട വരുമാനം മറികടക്കുന്ന സംസ്ഥാനത്തെ ആദ്യ ഡിപ്പോയായി മലപ്പുറം. നവംബറിൽ രണ്ട് തവണ പ്രതിദിന വരുമാനം 7 ലക്ഷത്തിന് മുകളിൽ നേടി

  News18 Malayalam

  News18 Malayalam

  • Share this:
  കെഎസ്ആർടിസിയുടെ (KSRTC) ഏതെങ്കിലും ഒരു ഡിപ്പോ നിർദേശിക്കുന്ന വരുമാന നേട്ടം കൈവരിക്കുന്നുണ്ടോ ? ഈ ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം നൽകാൻ ശേഷിയുള്ള ഒരേ ഒരു ഡിപ്പോ മലപ്പുറം (Malappuram) മാത്രമാണ്. കോവിഡാനന്തരം ഇന്ധന ചെലവ് പോലും കണ്ടെത്താൻ കെഎസ്ആർടിസി പാട് പെടുമ്പോൾ ടാർജറ്റ് വരുമാനം സ്വന്തമാക്കുക എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യം അല്ല. ഇവിടെ ഉല്ലാസയാത്രയുടെ ഊർജത്തിൽ ആണ് മലപ്പുറം കെഎസ്ആർടിസി കുതിച്ചു കയറിയത്. കെഎസ്ആർടിസിയുടെ മലപ്പുറം-  മൂന്നാർ, മലപ്പുറം- മലക്കപ്പാറ സ്പെഷൽ സർവീസുകൾ ജനം ഏറ്റെടുത്തതോടെ ആണ് മലപ്പുറം ഡിപ്പോ മറ്റ് ഡിപ്പോകളെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കിയത്.

  കീശ നിറച്ചു നൽകിയത് ഉല്ലാസയാത്രികർ

  നവംബറിൽ രണ്ട് തവണ ആണ് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ നിർദേശിച്ച വരുമാന പരിധിക്ക് മുകളിൽ നേട്ടം കൈവരിച്ചത്. നവംബർ 15 നും നവംബർ 22 നും. 2017-ൽ മലപ്പുറം ഡിപ്പോയിൽ നിശ്ചയിച്ച പ്രതിദിന വരുമാനം 7,18,879 രൂപയായിരുന്നു. 7,28,095 രൂപയാണ് കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം ഡിപ്പോയിലെ പ്രതിദിന വരുമാനം. അതിന് മുമ്പുള്ള തിങ്കളാഴ്ച നേടിയത് 7,34,434 രൂപ ആണ്. ഇതോടെ ലക്ഷ്യമിട്ട വരുമാനം മറികടക്കുന്ന സംസ്ഥാനത്തെ ആദ്യ ഡിപ്പോയായി മലപ്പുറം മാറി.

  സാധാരണ നാല് ലക്ഷം രൂപക്ക് മുകളിൽ മാത്രമാണ് മലപ്പുറം ഡിപ്പോയുടെ പ്രതിദിന വരുമാനം. 31 സർവീസുകൾ ആണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ക്രിസ്മസ്, ഓണം പോലുള്ള വിശേഷദിവസങ്ങളിൽ മാത്രമാണ് മിക്ക ഡിപ്പോകളും പ്രതീക്ഷിത വരുമാനത്തിനടുത്തെത്താറുള്ളത്. എന്നാൽ ഉല്ലാസയാത്ര സ്പെഷ്യൽ സർവീസുകൾ ഡിപ്പോയുടെ തലവര തന്നെ മാറ്റി വരയുക ആണ്. പാലക്കാട് മുതൽ കാസർകോട് വരെ 21 ഡിപ്പോകളാണുള്ളത്. ദിവസങ്ങളായി വരുമാനത്തിൽ മുന്നിൽനിൽക്കുന്നത് മലപ്പുറം ഡിപ്പോയാണ്. സ്ഥിരമായി വരാറുള്ള കാസർകോട്, കോഴിക്കോട് ഡിപ്പോകളെ മറികടന്നാണ് മലപ്പുറത്തിന്റെ നേട്ടം.

  തലവര മാറ്റിയ ടൂർ പദ്ധതി

  സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ആദ്യ ടൂർ പാക്കേജായിരുന്നു മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര. സ്വന്തമായി വാഹനമില്ലാത്ത, യാത്രകളിഷ്ടപ്പെടുന്നവർ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകളെ വലിയ ആവേശത്തോടെ ഏറ്റെടുത്തു.

  മലപ്പുറം ഡിപ്പോയുടെ മാതൃകയിൽ പിന്നീട് പൊൻകുന്നം , ഹരിപ്പാട് , ആലപ്പുഴ ഡിപ്പോകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തന്നെ പെരിന്തൽമണ്ണ സബ് ഡിപ്പോയും മൂന്നാറിലേക്ക് സ്പെഷൽ സർവീസ് തുടങ്ങി .

  ഒക്ടോബർ 16 മുതൽ ആണ് കെഎസ്ആർടിസി മലപ്പുറത്ത് നിന്നും മൂന്നാറിലേക്ക് സ്പെഷല് സർവീസുകൾ തുടങ്ങിയത്. ചുരുങ്ങിയ ചെലവിൽ തങ്ങി, കാഴ്ചകൾ കണ്ട് മടങ്ങാൻ ഉള്ള അവസരം ആളുകൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. മൂന്നാർ സ്പെഷൽ സർവീസിന് ലഭിച്ച സ്വീകാര്യത കണ്ട് മലക്കപ്പാറയിലേക്കും ഏകദിന സ്പെഷൽ സർവീസ് തുടങ്ങി. അതും വൻ വിജയം. ഇപ്പോൾ മൂന്നാറിലേക്ക് ആഴ്ചയിൽ അഞ്ചു ദിവസവും മലക്കപ്പാറയിലേക്ക് ആഴ്ചയിലൊരു ദിവസവുമാണ് മലപ്പുറത്തു നിന്നുള്ള സ്പെഷ്യൽ സർവീസുകൾ.

  ഉച്ചക്ക് മലപ്പുറത്ത് നിന്നും മൂന്നാർ ബസ്സ് പുറപെടും. രാത്രി അവിടെ കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസുകളിൽ ഉറങ്ങാം. രാവിലെ കെഎസ്ആർടിസി യുടെ സ്പെഷൽ വിനോദ സഞ്ചാര ബസിൽ കാഴ്ചകൾ കാണാൻ പോകാം.. ടോപ് സ്റ്റേഷൻ, എക്കോ പോയിൻ്റ്, മ്യൂസിയം, തേയില ഫാക്റ്ററി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി  എല്ലാ പ്രധാന കേന്ദ്രങ്ങളും കണ്ട് ആറരയോടെ തിരികെ മൂന്നാറിലേക്ക്.. രാത്രി മലപ്പുറത്തേക്കും.. ആകെ വേണ്ടത് ഒരാൾക്ക് ചെലവ് 1000 രൂപ.. ഭക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റും ഇതിൽ ഉൾപ്പെടില്ല. സെമി സ്ലീപ്പർ, എ സി ബസുകൾ ആണെങ്കിൽ ടിക്കറ്റ് നിരക്ക് 1300, 1500 എന്നിങ്ങനെ ആകും. മൂന്നാറിലേക്ക് ഇത് വരെ 40  ലേറെ സർവീസുകൾ നടത്തി. 1700 ലധികം പേർ മലപ്പുറത്ത് നിന്നും കെഎസ്ആർടിസി യിലൂടെ മൂന്നാർ കണ്ടു മടങ്ങി.

  മലക്കപ്പാറക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 6 മണിയോടെ മലപ്പുറത്ത് നിന്നും പുറപ്പെടും. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് അതിർത്തിയായ മലക്കപ്പാറ വരെ പോയി രാത്രിയോടെ മടങ്ങി എത്തും. 10 സർവീസുകൾ ആണ് ഇത് വരേക്കും ഇവിടേക്ക് നടത്തിയിട്ടുള്ളത്.

  " ഡിസംബർ പകുതി വരെ ഉള്ള എല്ലാ സ്പെഷൽ സർവീസുകളും മുഴുവൻ ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. അത്രയും സ്വീകാര്യത ആണ് ഈ യാത്രകൾക്ക് ലഭിച്ചിട്ടുള്ളത്. നിലവിൽ ആഴ്ചയിൽ 5 ദിവസം മൂന്നാറിലേക്കും ഒരു ദിവസം മലക്കപ്പാറക്കും ആണ് സർവീസുകൾ. ഇനി ക്രിസ്മസ് പുതുവത്സര അവധികൾ കൂടി കണക്കാക്കി സർവീസുകൾ ആലോചിക്കുന്നുണ്ട്. " - മലപ്പുറം ഡിപ്പോ ഇൻസ്പെക്ടർ സദു പറഞ്ഞു.

  സർവീസുകൾക്ക് പുതിയ സ്കാനിയ ബസുകൾ ഏറെ വൈകാതെ ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. വയനാട്, കൊച്ചി ഏകദിന ഉല്ലാസ യാത്രകളും അധികൃതരുടെ മുൻപിൽ ഉണ്ട്. ഇതിൽ അനുകൂല നിലപാട് വന്നാൽ ഏറെ വൈകാതെ ഈ സർവീസുകളും തുടങ്ങും.

  ഓൺലൈൻ ബുക്കിങ് ഇത് വരെ തുടങ്ങിയിട്ടില്ല. അന്വേഷണങ്ങൾക്ക് വിളിക്കാം 0483 2734950
  Published by:Rajesh V
  First published:
  )}