• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC tour package| പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വാഗമണ്‍; അതും 700 രൂപയ്ക്ക്;കിടിലന്‍ ടൂര്‍ പാക്കേജുമായി KSRTC

KSRTC tour package| പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വാഗമണ്‍; അതും 700 രൂപയ്ക്ക്;കിടിലന്‍ ടൂര്‍ പാക്കേജുമായി KSRTC

പത്തനംതിട്ടയില്‍ നിന്ന് ആരംഭിച്ച് ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ വരെ ഏകദേശം 160 കിലോ മീറ്റര്‍ ദൂരമുള്ള ടൂറിസം പാക്കേജിൽ ഒരാൾക്ക് 700 രൂപയാണ് നിരക്ക്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സഞ്ചാര പ്രിയരായ നാട്ടുകാരുടെ ശ്രദ്ധയ്ക്ക്. പോക്കറ്റ് കാലിയാകാതെ ഒരു അടിപൊളി യാത്രപോകാന്‍ ഇതാ കെ.എസ്.ആര്‍.ടി.സി (KSRTC) നിങ്ങള്‍ക്ക് ഒരു അവസരം ഒരുക്കുന്നു. പത്തനംതിട്ട (Pathanamthitta) കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ഗവിയുടെ മലമടക്കുകളിലൂടെ വണ്ടിപ്പെരിയാര്‍ കടന്ന് പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് (vagamon) ഒരു കിടിലം ടൂര്‍ പാക്കേജ് . കെ.എസ്.ആര്‍.ടി,സി പത്തനംതിട്ട ഒരുക്കുന്ന വിനോദയാത്രയുടെ ആദ്യ സര്‍വീസ് അടുത്തയാഴ്ച മുതല്‍ ആരംഭിക്കും.

  വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 36 സീറ്റുള്ള ഓർഡിനറി ബസാണ് യാത്രക്കായി സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഉടന്‍ സജ്ജീകരിക്കും. നിലവിലുള്ള പത്തനംതിട്ട - ഗവി-കുമളി ഓർഡിനറി യാത്രാ സർവീസിന് പുറമേയാണ് പുതിയ ട്രിപ്പ്.

  പത്തനംതിട്ടയില്‍ നിന്ന് ആരംഭിച്ച് ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ വരെ ഏകദേശം 160 കിലോ മീറ്റര്‍ ദൂരമുള്ള ടൂറിസം പാക്കേജിൽ ഒരാൾക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാൽ വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

  3 മുതൽ 5 വരെ ബസുകൾ പുതിയ സര്‍വീസിന് അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാർ ആവശ്യപ്പെടുന്ന പ്രധാന പോയിൻറുകളിൽ കാഴ്ചകൾ കാണാൻ ബസ് നിർത്തും. രാവിലെ 6ന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. വനംവകുപ്പിന്റെ അനുമതികൂടി ലഭിച്ചാല്‍ ടൂർ പാക്കേജ് സർവീസ് ആരംഭിക്കാന്‍ കഴിയുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

  ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് പത്തനംതിട്ടയിൽ രാത്രിയിൽ താമസിച്ച് പുലര്‍ച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആർ.ടി. സി. ടെർമിനലിൽ താമസസൗകര്യം ഏർപ്പെടുത്തും. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്.

  ടെര്‍മിനലിന്‍റെ ഒന്നാം നിലയിൽ ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. ഒരു കിടക്കയ്ക്ക് മിതമായ തരത്തിൽ ഫീസ് അടയ്ക്കണം. ഒന്നര മാസത്തിനുള്ളിൽ ഈ സംവിധാനമൊരുക്കും. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ കഫെ ആരംഭിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. ടെര്‍മിനലിന് സമീപം ഷോപ്പിങ് കോംപ്ലകിസിനോട് ചേര്‍ന്ന് പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും ഒരുക്കുന്നുണ്ട്.

  Kochi Metro | കൂടുതല്‍ സൗകര്യങ്ങള്‍, ആകര്‍ഷക സേവനങ്ങള്‍; കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു


  കൊച്ചി: യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനൊപ്പം സവിശേഷമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊച്ചി മെട്രോ(Kochi Metro) സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ധന മുതല്‍ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള നിരവധി പുതിയ സൗകര്യങ്ങള്‍വരെ ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂര്‍, മാഹരാജാസ്, എന്നിവിടെയും തയ്യാറായിക്കൊണ്ടിരിക്കുന്ന വടക്കേകോട്ട, എസ്.എന്‍.ജംഗ്ഷന്‍ എന്നിവടങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഏര്‍പ്പെടുത്തും.

  പടിപടിയായി എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടവികസനത്തില്‍ എല്ലാ സ്റ്റേഷനുകളിലെയും ദിശാസൂചി ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിച്ചു. സെല്‍ഫി കോര്‍ണറുകള്‍, പൊതുജനങ്ങള്‍ക്ക് പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദി തുടങ്ങിയവയും ഏര്‍പ്പെടുത്തി. കൊച്ചിക്കാരുടെ പുതിയ യാത്ര ലക്ഷ്യകേന്ദ്രമായി മാറിയ കൊച്ചി മെട്രോയില്‍ യാത്രയ്ക്ക് ഒപ്പം വിനോദത്തിനും ഉല്ലാസത്തിനും വേദി ഒരുക്കുക കൂടി ഈ മുഖം മിനുക്കലിന് പിന്നിലുണ്ട്. ഓരോസ്റ്റേഷനും മറ്റ്സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായ തീമും സവിശേഷതകളും വ്യത്യസ്തമായ ചുവര്‍ചിത്രങ്ങളും ഏര്‍പ്പെടുത്തിയാണ് മുഖം മിനുക്കിയിരിക്കുന്നത്.

  എം.ജി റോഡ് സ്റ്റേഷനിലെ ചുവരുകളില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമുണ്ട്. പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക്കല്‍ സ്റ്റെയര്‍, ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്നെൈ മബൈല്‍ ചാര്‍ജിംഗ് സംവിധാനം, കുട്ടികള്‍ക്കുള്ള ആകര്‍ഷകമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയ ഗെയിമിംഗ് സോണ്‍, കൊച്ചി മെട്രോയുടെ വളര്‍ച്ചയും വികാസവും വിവരിക്കുന്ന ചെറു മ്യൂസിയം തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനെ വേറിട്ട് നിര്‍ത്തുന്നു.

  കടവന്ത്ര സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ലൈബ്രറിയില്‍ നിന്ന്് സൗജന്യമായി പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച് തിരിച്ചേല്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പ്രത്യേകം തയ്യാറിക്കിയിട്ടുള്ള റീഡിംഗ് കോര്‍ണറില്‍ വായിക്കുകയുമാകാം. പൊതുജനങ്ങള്‍ക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവനചെയ്യാനും അവസരമുണ്ട്. അമ്മമാര്‍ക്കായി പ്രത്യേക ഫീഡിംഗ് റൂമും ഇവിടെയുണ്ട്.ആലുവ സ്റ്റേഷനില്‍ കുറഞ്ഞ വാടകയ്ക്ക് പവ്വര്‍ ബാങ്ക് ലഭിക്കും.

  കൊച്ചി മെട്രോയില്‍ പ്രവര്‍ത്തിക്കുന്ന കുടംബശ്രീ അംഗങ്ങള്‍ പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് ആലുവയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍. പവ്വര്‍ബാങ്ക് കിയോസ്‌ക്, ആകര്‍ഷകമായ വെളിച്ച വിതാനം, പ്ലാറ്റ് ഫോമില്‍പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഇരിപ്പിടം തുടങ്ങിയവയാണ് ഇടപ്പള്ളി സ്റ്റേഷനിലെ സൗകര്യങ്ങള്‍.വൈറ്റില സ്റ്റേഷനില്‍ രാവിലെയും വൈകിട്ടും സിനിമാഗാനങ്ങള്‍ കേള്‍ക്കാം. ഇവിടുത്തെ പാര്‍ക്കിംഗ് സ്ഥലം വികസിപ്പിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കി.
  Published by:Arun krishna
  First published: