തൃശൂര്‍: ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ശിക്ഷാ നടപടിയെടുത്ത് കെ എസ് ആർ ടി സി. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോർപറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിചിത്രമായ നടപടി.
2021 മെയ് മാസം ഏഴാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തൃശൂർ യൂണിറ്റിലെ കാന്റീന് സമീപം കെ എസ് ആ ര്‍ടി സി ഇന്‍സ്‌പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരിത്തിനിടെ നാരായണനെ പുറത്ത് അടിക്കാൻ വനിതാ ജീവനക്കാരി ശ്രമിച്ചു. ഇൻസ്പെക്ടർ ഒഴിഞ്ഞുമാറിയതോടെ വനിതാ ജീവനക്കാരി നിലത്ത് വീണു. അതേസമയം കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നാരായണനെതിരെ നടപടി.
''തൃശൂർ യൂണിറ്റിലെ സൂപ്പർവൈസറി തസ്തികയിലുള്ള കെ എ നാരായണൻ മറ്റ് ജീവനക്കാർക്ക് മാതൃകയാകേണ്ട ഉദ്യോഗസ്ഥൻ ആണെന്നിരിക്കെ ഒരു വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് പൊതുജനമധ്യത്തിൽ ടിയാനെ തന്നെ കൈയേറ്റം ചെയ്യുന്ന തരത്തിൽ എത്തിച്ച് കോർപറേഷന്റെ സൽപ്പേരിന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനാൽ അച്ചടക്ക നടപടി സ്വീകരിക്കുന്നു''- എന്നാണ് എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.