HOME /NEWS /Kerala / കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സമയക്രമം നിശ്ചയിക്കുന്നത് ഗൂഗിൾ മാപ്പോ? കൊട്ടാരക്കര-ബാംഗ്ലൂർ ബസ് മൂന്ന് മണിക്കൂറോളം വൈകുന്നു

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സമയക്രമം നിശ്ചയിക്കുന്നത് ഗൂഗിൾ മാപ്പോ? കൊട്ടാരക്കര-ബാംഗ്ലൂർ ബസ് മൂന്ന് മണിക്കൂറോളം വൈകുന്നു

ബസ് ജീവനക്കാർ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വേഗത്തിൽ ബസ് ബാംഗ്ലൂരിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചത്

ബസ് ജീവനക്കാർ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വേഗത്തിൽ ബസ് ബാംഗ്ലൂരിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചത്

ബസ് ജീവനക്കാർ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വേഗത്തിൽ ബസ് ബാംഗ്ലൂരിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചത്

  • Share this:

    കൊല്ലം: കെഎസ്ആർടിസി ബസുകളുടെ സമയക്രമം നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്ന ആക്ഷേപം ശക്തമാകുന്നു. റോഡിലെ ട്രാഫിക് കണക്കിലെടുക്കാതെയുള്ള സമയക്രമമാണ് റിസർവേഷൻ സൈറ്റിൽ നൽകിയിരിക്കുന്നതെന്നാണ് ആരോപണം. ഇത് പലപ്പോഴും അത്യാവശ്യ കാര്യങ്ങൾക്കും പരീക്ഷയ്ക്കും അഭിമുഖത്തിനുമായി പോകുന്നവരെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ സിഐടി പ്രവേശന പരീക്ഷ എഴുതാൻ കൊട്ടാരക്കര-ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസിൽ പോയ വിദ്യാർഥികളാണ് വലഞ്ഞുപോയത്. എന്നാൽ ബസ് ജീവനക്കാർ പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വേഗത്തിൽ ബസ് ബാംഗ്ലൂരിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചത്.

    കൊട്ടാരക്കരയിൽനിന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പുറപ്പെടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് റിസർവേഷൻ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് രാവിലെ 6.45ന് ബാംഗ്ലൂരിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ബസ് ഒരു ദിവസം പോലും ഒമ്പത് മണിക്ക് മുമ്പ് ബാംഗ്ലൂരിൽ എത്തിയിട്ടില്ലെന്ന് ഇതിൽ യാത്ര ചെയ്തവർ പറയുന്നു. മിക്ക ദിവസങ്ങളിലും മൂന്നു മണിക്കൂറോളം ലേറ്റായാണ് ബസ് ബാംഗ്ലൂരിൽ എത്തുന്നത്. തിരക്ക് ഏറെയുള്ള തിങ്കളാഴ്ച ദിവസങ്ങളിൽ ബസ് ബാഗ്ലൂരിൽ എത്തുമ്പോൾ 10 മണി കഴിയും.

    ഇക്കഴിഞ്ഞ മെയ് 19ന് ഈ ബസിൽ തൊടുപുഴയിൽനിന്ന് ഉൾപ്പടെ 17 വിദ്യാർഥികൾ ബാംഗ്ലൂരിൽ സിഐടി പ്രവേശന പരീക്ഷയ്ക്ക് പോകാൻ വേണ്ടി റിസർവ് ചെയ്തിരുന്നു. മെയ് 20നായിരുന്നു പരീക്ഷ. പരീക്ഷ സമയം രാവിലെ 10.30. പരിക്ഷാകേന്ദ്രത്തിൽ വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യേണ്ട സമയം 9.30 ആയിരുന്നു. എന്നാൽ പതിവുപോലെ ബസ് ബാംഗ്ലൂരിലേക്ക് എത്തിക്കൊണ്ടിരുന്നത് രണ്ടു മണിക്കൂറിലേറെ ലേറ്റായാണ്. പരീക്ഷയുടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചപ്പോൾ, അവർ പ്രഭാതഭക്ഷണത്തിനായി 20 മിനിട്ടോളം നിർത്തുന്നത് ഒഴിവാക്കി വേഗത്തിൽ ബാംഗ്ലൂർ സാറ്റലൈറ്റിലേക്ക് ബസ് എത്തിക്കുകയായിരുന്നു. ഏകദേശം 9 മണിയോടെയാണ് ശനിയാഴ്ച രാവിലെ ബസ് ബാംഗ്ലൂരിൽ എത്തിയത്.

    ബസ് ജീവനക്കാർ തന്നെ വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ടാക്സിയും മറ്റും ലഭ്യമാക്കി സഹായിച്ചു. അതുകൊണ്ട് മാത്രമാണ് തങ്ങൾക്ക് പരീക്ഷ എഴുതാനായതെന്ന് വിദ്യാർഥികൾ ന്യൂസ് 18നോട് പറഞ്ഞു. റിസർവേഷൻ സൈറ്റിലെ സമയം വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്തുപോയാൽ, പരീക്ഷയ്ക്കോ മറ്റോ പോകുന്നവർക്ക് കൃത്യസമയത്ത് എത്താനാകില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. തിരികെ ഇതേ ബസിൽ തന്നെയാണ് ഇവർ ടിക്കറ്റെടുത്തത്. ആറ് മണിക്ക് ബാംഗ്ലൂരിൽനിന്ന് തിരിക്കുന്ന ബസ് പിറ്റേ ദിവസം രാവിലെ 6.40ന് തൊടുപുഴയിൽ എത്തുമെന്നാണ് റിസർവേഷൻ സൈറ്റിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ബസ് എത്തിയപ്പോൾ രാവിലെ 9 മണി ആയെന്നും വിദ്യാർഥികൾ പറയുന്നു.

    കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ മറ്റ് ബസുകളുടെയും സമയക്രമം നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും സമയക്രമം പുതുക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ലെന്നും പറയപ്പെടുന്നു. അശാസ്ത്രീയമായ സമയക്രമം ബസ് ജീവനക്കാർക്കും തലവേദനയാകുന്നുണ്ട്. പലപ്പോഴും ബസ് വൈകുന്നതിനെച്ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നതും പതിവാണ്. ബാംഗ്ലൂർ ഉൾപ്പടെയുള്ള നഗരങ്ങളിലെ ഗതാഗതകുരുക്ക് കണക്കിലെടുക്കാതെ സമയക്രമം നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് പരാതി ബസ് ജീവനക്കാർക്കും ഉണ്ട്. ബസുകളുടെ സമയക്രമം പുനക്രമീകരിക്കുന്നതിൽ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. അതേസമയം ഈ വിഷയത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് അധികൃതരുടെ പ്രതികരണം തേടിയെങ്കിലും അവർ മറുപടി നൽകാൻ തയ്യാറായിട്ടില്ല.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Ksrtc, KSRTC-SWIFT