തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (KSRTC) സ്വിഫ്റ്റ് (Swift) നടത്തിപ്പുമായി സർക്കാർ മുന്നോട്ട്. സ്വിഫ്റ്റിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ ക്ഷണിച്ച് പത്രപരസ്യം നൽകി. താൽക്കാലിക അടിസ്ഥാനത്തിലും, കെഎസ്ആർടിസി സ്ഥിരം ജീവനക്കാരിൽനിന്ന് ഇന്ന് വർക്കിംഗ് അറേഞ്ച്മെന്റ് ആയിട്ടുമാണ് ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്.
തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് സ്വിഫ്റ്റ് നടത്തിപ്പുമായി സർക്കാർ മുന്നോട്ടുപോവുന്നത്. ദീർഘ ദൂര സർവീസിലേയ്ക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മുൻപ് എംപാനൽ ആയി ജോലി നോക്കിയവർക്കും, ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ ഉള്ള മറ്റുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. KSRTC ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റിൽ നിന്നും ലഭിക്കുക. താൽക്കാലികമായി നിയമിക്കുന്നവർക്ക് 8 മണിക്കൂർ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതൽ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും.
Also Read- KSRTC | ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്‍ഷൻ
നിയമനങ്ങൾക്കായി സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കും. സെലക്ഷൻ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം. സ്വിഫ്റ്റ് രുപീക്കരിക്കുന്നതോടെ ദീർഘ ദൂര സർവീസുകൾ പൂർണ്ണമായും സ്വീഫ്റ്റിലേയ്ക്ക് മാറ്റാനാണ് തീരുമാനം. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സ്വിഫ്റ്റിന് എതിരാണ്
സേവന വ്യവസ്ഥകൾ
1. രണ്ട് സെറ്റ് ജീവനക്കാർക്ക് (4 പേർക്ക് ഒരു ബസ് നൽകുന്ന (ബസ് കു മാര്യേജ് സിസ്റ്റം) ആയിരിക്കും നടപ്പിലാക്കുക. ഇപ്രകാരം നൽകുന്ന ജീവനക്കാർ ആകസ്മിക അവധികൾ എടുക്കുന്ന പക്ഷം റിസർവ് പൂളിൽ നിന്നും അവർക്ക് ഇഷ്ടമുള്ള ഡ്രൈവർ കം കണ്ടക്ടർമാരെ പകരം നിയോഗിക്കേണ്ടതാണ്.
2. ഡ്യൂട്ടി സമ്പ്രദായം വേതനം ഭരണപരമായ തീരുമാനങ്ങൾ മുതലായവ സംബന്ധിച്ച് കമ്പനി നിർണ്ണയിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം കാലാകാലങ്ങളിൽ ജോലി ചെയ്യേണ്ടതാണ്.
3. ദീർഘദൂര സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനാണ് DC തസ്തികയിലുള്ള ജീവന ക്കാരെ ആദ്യഘട്ടത്തിൽ നിയോഗിക്കുന്നത്.
4. സർവ്വീസ് പുറപ്പെടുന്നതിന് മുൻപ് ബസ്സിനുൾവശം വൃത്തിയും വെടിപ്പും വരുത്തേണ്ടതും സീറ്റ് കവർ, വിൻഡോ കർട്ടൻ വിൻഡോ ഗ്ലാസ് വൃത്തിയാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമെ സർവ്വീസിനായി ബസ് ഉപയോഗിക്കുവാൻ പാടുള്ളൂ.
5. സർവ്വീസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് നിർദ്ദിഷ്ട ബസ്, സർവ്വീസ് ഓപ്പറേഷന് പ്രാപ്തമാണോ എന്നത് പരിശോധിച്ച് യഥാസമയം bus bay -ൽ എത്തിക്കേണ്ടതാണ്.
6. ഡെസ്റ്റിനേഷൻ ബോർഡ് ബസ്സിൽ പ്രദർശിപ്പിക്കേണ്ടതാണ്.
7. കമ്പനി നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കുക, യൂണിഫോം ഏതായിരിക്കണം, എപ്രകാരം ആയിരിക്കണം, എപ്രകാരം ധരിക്കണം എന്നിവ സ്വിഫ്റ്റ് കമ്പനി നിർദ്ദേശിക്കുന്ന രീതിയിൽ മാത്രമെ ധരിക്കുവാൻ പാടുള്ളൂ.
8. കമ്പനി നിർണ്ണയിക്കുന്ന സർവ്വീസ് പോകുന്നതിന് ബാധ്യസ്ഥനായിരിക്കണം. ഡ്യൂട്ടി നിർണ്ണയിക്കൽ, റൂട്ട് തിരഞ്ഞെടുക്കൽ, ഡ്യൂട്ടി സമ്പ്രദായം എന്നിവയിൽ യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല.
9. യാത്രക്കാരെ അതിഥികളായികണ്ട് പ്രവർത്തിക്കുകയും, കമ്പനിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി യാത്രക്കാരോട് സഭ്യവും വിനയാന്വിതവുമായി പെരുമാറുകയും അവരുടെ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ഏതു സാഹചര്യത്തിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുമുണ്ട്.
10. ദീർഘ ദൂര സർവ്വീസ് തുടങ്ങുന്ന സമയത്ത് യാത്രക്കാർക്ക് ഡ്രിങ്ക്സ്, സ്നാക്സ് നൽകേണ്ടതാണ്.
11. കമ്പനി നിർദ്ദേശിക്കും പ്രകാരം ലൈറ്റ് റിഫ്രഷ്മെന്റ് കുടിവെള്ളം, ഭക്ഷണം ബ്ലാങ്കറ്റ് യാത്രക്കിടെ ആവശ്യമായി വരുന്ന മറ്റ് സാധന സാമഗ്രികൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാക്കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Minister Antony Raju, Swift