• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC LNG | കേരളത്തിൽ നാളെ മുതൽ LNG ബസ് സർവ്വീസ് ; തുടക്കം തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ

KSRTC LNG | കേരളത്തിൽ നാളെ മുതൽ LNG ബസ് സർവ്വീസ് ; തുടക്കം തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും

ksrtc_logo

ksrtc_logo

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് തിങ്കളാഴ്ച ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സർവീസ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.

  നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എസ്‌ ആർ ടി സി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ , ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

  എറണാകുളം-കോഴിക്കോട്, 

  തുടക്കത്തിൽ രണ്ടു എസി ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. എറണാകുളം-കോഴിക്കോട് റൂട്ടിലാണ് ഒരു സർവീസ്. രാവിലെ 6.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സർവീസ് 8.30ഓടെ തൃശൂരിലും 12.20ന് കോഴിക്കോടും എത്തിച്ചേരും. മടക്ക സർവീസ് ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 5.50ന് തൃശൂരിലും 8.20ന് എറണാകുളത്തും എത്തിച്ചേരും.

  എറണാകുളം-തിരുവനന്തപുരം

  എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് രാവിലെ അഞ്ചുമണിക്ക് പുറപ്പെടും. 6.35ഓടെ ആലപ്പുഴയിലും 9.15ഓടെ കൊല്ലത്തും എത്തുന്ന ഈ സർവീസ് 11.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക യാത്ര, തിരുവനന്തപുരത്ത് നിന്ന് രണ്ടു മണിക്കാണ്. നാലു മണിയോടെ കൊല്ലത്തും ആറരയോടെ ആലപ്പുഴയിലും എത്തുന്ന ബസ്, രാത്രി 8.15ന് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.  കെഎസ്ആർടിയിസിയും ഹരിത ഇന്ധനത്തിലേക്ക് മാറുന്നു

  ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്.

  നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
  കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

  തിരുവനന്തപുരത്ത് സിറ്റി സർവീസുകൾക്ക് റൂട്ട് നമ്പറും കളർ കോഡും

  അടുത്തിടെയായി ഒട്ടനവധി പരിഷ്ക്കാരങ്ങളാണ് കെഎസ്ആർടിയിസിയിൽ വരുത്തുന്നത്. തിരുവനന്തപുരം സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി യുടെ സാമ്പത്തിക സഹായത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേർന്ന് 2016 ൽ തിരുവനന്തപുരം നഗരത്തിൽ റൂട്ട് നമ്പറിംഗ് നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പ്രസ്തുത റൂട്ട് നമ്പറിംഗ് സിസ്റ്റം തിരുവനന്തപുരത്തെ സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി നടപ്പിലാക്കുകയാണ്.

  ബസിന്‍റെ നിറം കണ്ട് റൂട്ട് മനസിലാക്കാം

  എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നൽകിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങൾക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. തിരുവനന്തപുരം ജില്ലയെ 4 ഭാഗങ്ങളായി തിരിച്ച് കളർ കോഡിംഗും നടപ്പിൽ വരുത്തുന്നുണ്ട്. തിരുവനന്തപുരം നഗരം - നീല, നെയ്യാറ്റിൻകര, കാട്ടാക്കട - താലൂക്ക് - മഞ്ഞ, നെടുമങ്ങാട് താലുക്ക് - പച്ച, വർക്കല, ചിറയിൻകീഴ് താലുക്കുകൾ - ചുവപ്പ് എന്നിങ്ങനെയാണ് കളർ കോഡിംഗ് നടത്തിയിരിക്കുന്നത്. കൂടാതെ നമ്പറിംഗിലും യാത്രക്കാർക്ക് അനായാസം മനസ്സിലാക്കുന്ന സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. തിരുവനന്തപുരം നഗരം - 1,2,3 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകൾ, നെയ്യാറ്റിൻകര, കാട്ടാക്കട - താലൂക്ക് - 4,5 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും, നെടുമങ്ങാട് താലുക്ക് - 6, 7 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും, വർക്കല, ചിറയിൻകീഴ് താലുക്കുകൾ - 8,9 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്. കളർ കോഡിംഗ് ഓടു കൂടിയ റൂട്ട് നമ്പർ സ്ഥലനാമ ബോർഡിന്റെ ഇടതു വശത്തും, പ്രസ്തുത സർവ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓർഡിനറി (CTY), സിറ്റി ഫാസ്റ്റ് പാസഞ്ചർ (CFP)) എന്ന് വ്യക്തമാക്കുന്ന കളർ കോഡിംങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോർഡിന്റെ വലതു വശത്തും പ്രദർശിപ്പിക്കും. സ്ഥലനാമങ്ങൾ എഴുതുന്നതിലും കളർ കോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഓർഡിനറി ബസുകളുടെ സ്ഥലനാമ ബോർഡുകളിൽ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥല പേരുകൾ എഴുതുക. സിറ്റി ഫാസ്റ്റിൽ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥല പേരുകൾ എഴുതുന്നതിന് ഉപയോഗിക്കുക. അന്യ സംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള റൂട്ട് നമ്പറിംഗ് ആണ് പൂർത്തിയായിരിക്കുന്നത്.
  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതാണ്

  Published by:Anuraj GR
  First published: