തിരുവനന്തപുരം: വണ്ടികളിൽ പരസ്യങ്ങളും എഴുത്തുകളും ചിത്രങ്ങളും പാടില്ലെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കിയാൽ പാടുപെടാൻ പോകുന്നത് KSRTC. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോകുന്ന കെഎസ്ആർടിസിക്ക് ചെറിയ ആശ്വാസമാണ് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം. ലോഫ്ലോർ ഉൾപ്പെടെയുള്ള ബസുകളിൽ നിന്നും പരസ്യ വരുമാനമായി പ്രതിവർഷം 20 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നിലവില്‍ ലഭിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് നടപ്പിലാക്കിയാൽ ഈ വരുമാനം നഷ്ടമാകും.
നിലവിൽ മൂന്ന് ഏജൻസികളുമായാണ് കെഎസ്ആർടിസിക്ക് പരസ്യ കരാറുള്ളത്. അഞ്ച് വർഷത്തേക്കുള്ള കരാറിൽ കഴിഞ്ഞ വർഷമാണ് ഒപ്പിട്ടത്. എന്നാൽ കോടതി ഉത്തരവോടെ ഇതിൽ തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ചിത്രങ്ങളോ എഴുത്തുകളോ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങളിൽ പാടില്ലെന്ന നിർദേശം ഹൈക്കോടതി നൽകിയത്. പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നുമായിരുന്നു നിര്‍ദ്ദേശം. കെഎസ്ആർടിസി, കെയുആർടിസി ബസുകൾ ദേശീയപാതയിൽ ഓടുന്നതിനാൽ പരസ്യങ്ങൾ അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ദേശീയ പാതയോരങ്ങളിൽ ആകർഷകങ്ങളായ പരസ്യങ്ങൾക്ക് നിയന്ത്രണമുണ്ടായിട്ടും പലയിടത്തും ഇവ സ്ഥാപിച്ചിട്ടുള്ളതിനാൽ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന കാര്യവും ഹൈക്കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.