കൊച്ചി: വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നൽകാത്തതിൽ പരസ്യ പ്രതിഷേധവുമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്). ശമ്പളം നൽകാത്ത സംസ്ഥാന സർക്കാറിനെതിരെ മണ്ണ് സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങൾ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയിൽ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയിരുന്നില്ല. ശമ്പളം നൽകാന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.
ഇതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾ കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്മെന്റിനെയും സിഎംഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സിഐടിയു ആവശ്യപ്പെട്ടു.
കൂടാതെ, വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാ പണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്. ജോലി ചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടി രൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്.
Also Read-
'Swift സർവീസ് ഫലം കണ്ടുതുടങ്ങി; സ്വകാര്യ ബസുകൾ നിരക്ക് കുറക്കുന്നു': തെളിവുനിരത്തി KSRTC
സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎ രംഗത്തെത്തി. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്മെന്റ് മാറിയെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന് ആരോപിച്ചു.
സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു.
വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം നടത്തി. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം.
വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകള്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.