മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിക്കുന്ന കെ.ടി. ജലീൽ വാക്പോര് മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്. എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് ആയുധമാക്കി പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കുന്ന ജലീലിന് പക്ഷേ മറുപടി നൽകേണ്ട എന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ ആസ്തി, സ്വത്ത് എന്നിവ അഴിമതിയിലൂടെ ഉണ്ടാക്കിയതാണെന്നാണ് ജലീലിന്റെ വിമർശനം. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ജലീൽ പറഞ്ഞത് ഇങ്ങനെ,
"എനിക്ക് പണം ഉണ്ടാകണം എങ്കിൽ ഞാൻ ഒരു ബിസിനസ് കാരൻ ആകണം, അല്ലെങ്കിൽ എനിക്ക് വ്യവസായം ഉണ്ടാകണം . പികെ കുഞ്ഞാലിക്കുട്ടിക്ക് ബിസിനസോ വ്യവസായമോ ഉള്ളതായി അറിയില്ല. അങ്ങനെ ഉള്ള എംഎൽഎമാർ ഉണ്ട്. റിസോർട്ട് ഉളളവർ, ബാർ ഉളളവർ ഒക്കെ ഉണ്ട്. പക്ഷേ കുഞ്ഞാലിക്കുട്ടിക്ക് ഇതൊന്നും ഉള്ളതായി അറിയില്ല. പഠനം കഴിഞ്ഞ ശേഷം അദ്ദേഹം സ്പിന്നിംഗ് മില്ലിൽ മാനേജർ ആയി ചേരുകയായിരുന്നു.
സ്വന്തമായി ബിസിനസ് ഉണ്ടെങ്കിൽ വേറെ സ്ഥാപനത്തിൽ ചേരും എന്ന് പറയാൻ കഴിയില്ലല്ലോ. പികെ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ട് എന്ന് പറയുന്ന ഭൂസ്വത്തിൽ ഒരിഞ്ചു പോലും അദ്ദേഹം വിറ്റിട്ടില്ല. അദ്ദേഹത്തിന്റെ സ്വത്ത് എല്ലാം കൂടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നുകിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നോട്ടടി യന്ത്രം വേണം, അല്ലെങ്കിൽ നമ്മുടെ ഒക്കെ വീട്ടിൽ തെങ്ങിൽ തേങ്ങ ആണ് കായ്ക്കുന്നത്, അദ്ദേഹത്തിന്റെ വീട്ടിലെ തെങ്ങിൽ സ്വർണമോ രത്നമോ കായ്ക്കണം. അല്ലാതെ ഇത്ര വലിയ ആസ്തിയുടെ ഉടമയാകാൻ അദ്ദേഹത്തിന് കഴിയില്ല. " ജലീൽ പറഞ്ഞു.
Also Read-വീഡിയോ കോള്‍ ഹണിട്രാപ് തട്ടിപ്പ്; ജാഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്
എ ആർ നഗർ ബാങ്കിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം മാത്രമാണ് നടപ്പാവുക. അഴിമതിക്ക് കൂട്ട് നിൽക്കാത്തവരെ മികച്ച വാഗ്ദാനം നൽകി വിദേശത്തേക്ക് പറഞ്ഞയച്ചു എന്നും ജലീൽ ആരോപിച്ചു." നല്ല ആൾക്കാരെ ഒക്കെ വിദേശത്ത് നല്ല ജോലി നൽകി പറഞ്ഞു വിടും. ഈ സാധുക്കൾ ഇതൊക്കെ തങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണെന്ന് കരുതി പോകും. അവർക്ക് അവിടെ നല്ല ശമ്പളം ഒക്കെ കിട്ടും. ഒരു പക്ഷേ ഇവർ ഇവിടെ നിന്നാൽ കള്ളത്തരങ്ങൾക്ക് കൂട്ട് നിൽക്കില്ല എന്ന് കരുതി ആകണം അങ്ങനെ ചെയ്യുന്നത്. "
രാഷ്ട്രീയ ആക്ഷേപങ്ങൾക്ക് പിന്നാലെ സാമ്പത്തിക ക്രമക്കേടുകളും കൂടി ഉന്നയിച്ച് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉള്ള തന്റെ പോരാട്ടം ജലീൽ ശക്തമാക്കുകയാണ്. എന്നാൽ ജലീലിന്റെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി പറയേണ്ട എന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി. പികെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന ജലീലിന്റെ വെളിപ്പെടുത്തൽ മുതൽ പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങൾക്ക് മുഖം തരാതെ മാറി നടക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kt jaleel, PK Kunhalikutty