തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ ചുമതല വഹിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ വീണ്ടും നിയമന വിവാദം. ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിനുവേണ്ടി വ്യാപകമായി കരാർ നിയമനം നടത്തുന്നു എന്നാണ് ആരോപണം. ചട്ടങ്ങൾ മറികടന്ന് 95 ജീവനക്കാരെയാണ് കരാർ വ്യവസ്ഥയിൽ ഈ സർക്കാരിന്റെ കാലത്ത് നിയമിച്ചത്.
വകുപ്പിൽ ആകെയുള്ള 103 ജീവനക്കാരിൽ 95 പേരും കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. ഈ പോസ്റ്റുകളിൽ സ്ഥിരനിയമനം നടത്തിയാൽ പിഎസ്‌സി വഴി പുതിയ ആളുകളെ കണ്ടെത്തേണ്ടിവരും. ഇതോടെ ഇഷ്ടക്കാർ പുറത്താകും. ഇത് ഒഴിവാക്കുന്നതിനായി സ്ഥിരം നിയമന നടപടി ക്രമങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണന്നാണ് ആരോപണം.
പാലോളി കമ്മിറ്റി
കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മീഷന് തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്ക് ശുപാർശകൾ സമർപ്പിക്കാൻ കേരളത്തിൽ രൂപീകരിച്ചതാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി.
2010 ൽ ഈ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചത്. ആദ്യം 6 തസ്തികകൾ ഉണ്ടായിരുന്ന വകുപ്പിൽ പിന്നീട് 8 പോസ്റ്റുകൾ കൂടി കൂട്ടിച്ചേർത്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സമഗ്രമാകണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി പരമാവധി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തണമെന്നായിരുന്നു വകുപ്പ് രൂപീകരിച്ചപ്പോൾ തന്നെ ഉണ്ടായ നിർദ്ദേശം. എന്നാൽ ഈ ചട്ടങ്ങൾ എല്ലാം പിന്നീട് മറികടന്നു.
കരാർ നിയമനം തുടർക്കഥ
ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മാത്രമല്ല മറ്റു വകുപ്പുകളിലും വ്യാപകമായി കരാർ നിയമനം നടത്തുന്നു എന്നാണ് ആരോപണം. ഇഷ്ടക്കാരെ സർക്കാർ സർവീസിൽ എത്തിക്കാൻ എളുപ്പവഴിയാണ് കരാർ നിയമനം. സ്ഥിരനിയമനം നടത്തിയാൽ പിഎസ്‌സി വഴി പുതിയ ആളുകളെ കണ്ടെത്തേണ്ടിവരും. സ്പെഷ്യൽ റൂൾസ് കൊണ്ടുവന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ സ്ഥിരനിയമനം നടത്തണമെന്ന് നാളുകളായുള്ള ആവശ്യമാണ്. പക്ഷേ സർക്കാർ ഈ നടപടിക്രമങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്.
ജലീലിനെതിരെ പ്രതിപക്ഷം
പ്രതിപക്ഷ എംഎൽഎ റോജി എം ജോണിന് നിയമസഭയിൽ മന്ത്രി ജലീൽ നൽകിയ മറുപടിയിൽ തന്നെ കരാർ നിയമനങ്ങൾ നടന്നുവെന്ന് ശരി വയ്ക്കുന്നു. ഈ നിയമങ്ങളെല്ലാം നടന്നത് പിണറായി സർക്കാരിൻറെ കാലത്താണ് എന്നും മന്ത്രി മന്ത്രി രേഖാമൂലം മറുപടി നൽകി.
മന്ത്രി കെടി ജലീലിനെ വകുപ്പിൽ നടക്കുന്ന അഴിമതികളുടെ തുടർച്ചയാണ് കരാർ നിയമനങ്ങൾ എന്നതാണ് പ്രതിപക്ഷ ആരോപണം. മാർക്ക് ദാന വിവാദത്തിന് പിന്നാലെ വരുന്ന നിയമന വിവാദം മന്ത്രി ജലീലിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
Also Read- സർവകലാശാല മാർക്ക് ദാന വിവാദം: മന്ത്രി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.