തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ മന്ത്രി കെ.ടി ജലീൽ ഇടപെട്ടു; ഗവർണർക്ക് പരാതി

യൂണിവേഴ്‌സിറ്റി നടത്തിയ അദാലത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടിയായത് കൊണ്ടാണ് ജയിപ്പിച്ചതെന്ന് മന്ത്രി.

news18-malayalam
Updated: September 21, 2019, 11:54 AM IST
തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ മന്ത്രി കെ.ടി ജലീൽ ഇടപെട്ടു; ഗവർണർക്ക് പരാതി
കെ.ടി ജലീല്‍
  • Share this:
തിരുവനന്തപുരം: പരീക്ഷയിൽ തോറ്റി വിദ്യാർഥിയെ മന്ത്രി ഇടപെട്ട് ജയിപ്പിച്ചെന്ന് പരാതി. ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ട് ജയിപ്പിച്ചെന്നാണ് പരാതി. കൊല്ലം ടി കെ എം കോളെജിലെ എസ് ശ്രീഹരി എന്ന വിദ്യാർഥിക്കാണ് മന്ത്രി  വഴിവിട്ട സഹായം ചെയ്തത്. ഇതു സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി നൽകിയിരിക്കുന്നത്. 29 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക്. വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി.

ഇതേത്തുടർന്നാണ് വിദ്യാർഥി മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 32മാര്‍ക്ക് 48 ആയി കൂടി. തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകയും ചെയ്തു.

ഉത്തരക്കടലാസും അദാലത്തിലെ മിനിട്‌സും ഉൾപ്പെടെയുള്ള രേഖകള്‍ സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ തോറ്റ കുട്ടിയെ ജയിപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി നടത്തിയ അദാലത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടിയായത് കൊണ്ടാണ് ജയിപ്പിച്ചത്. പുനർ മൂല്യനിർണയം നടത്തിയത്‌ വിദഗ്ധരായ അധ്യാപകരാണെന്നും മന്ത്രി പ്രതികരിച്ചു.

Also Read ഐഎൻഎസ് വിക്രാന്തിലെ കവർച്ച: ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, കൊച്ചിയിലെത്തിയ വിദേശികളുടെ വിവരങ്ങൾ ശേഖരിച്ചു

First published: September 21, 2019, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading