നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വഖഫ് വിവാദം: പള്ളികൾ വഴിയുള്ള പ്രതിഷേധ ആഹ്വാനത്തെ എതിർത്ത് കെ.ടി. ജലീൽ; മറുപടിയുമായി മുസ്ലിംലീഗും മത സംഘടനകളും

  വഖഫ് വിവാദം: പള്ളികൾ വഴിയുള്ള പ്രതിഷേധ ആഹ്വാനത്തെ എതിർത്ത് കെ.ടി. ജലീൽ; മറുപടിയുമായി മുസ്ലിംലീഗും മത സംഘടനകളും

  പള്ളികളിൽ ഇത്തരം പ്രതിഷേധം നടത്താൻ മുസ്ലിംലീഗിന് എന്താണ് അധികാരം എന്ന് ജലീൽ

  • Share this:
  മലപ്പുറം: വഖഫ്  ബോർഡ് വഴി നടത്തുന്ന നിയമനങ്ങൾ പി.എസ്.സി ക്ക് (PSC)വിട്ട നടപടിക്ക് എതിരെയുള്ള പ്രതിഷേധം വെള്ളിയാഴ്ച പള്ളികളിൽ ഉയർത്തുന്നതിനെതിരെ നിശിത വിമർശനം ഉന്നയിച്ച് മുൻ മന്ത്രി കെടി ജലീൽ(K. T. Jaleel). കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിന് ശേഷം മുസ്ലിം ലീഗ് (muslim league) സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ആണ് ഇക്കാര്യം പറഞ്ഞത്.

  പള്ളികളിൽ ഇത്തരം പ്രതിഷേധം നടത്താൻ മുസ്ലിംലീഗിന് എന്താണ് അധികാരം എന്ന് ജലീൽ ചോദിച്ചു. " മുസ്ലിം ലീഗിന് കീഴിൽ പള്ളികൾ ഇല്ല. മത സംഘടനകൾക്ക് കീഴിൽ ആണ് പള്ളികൾ. ലീഗ് രാഷ്ട്രീയ സംഘടന ആണ്. കേരളത്തിൽ ഭൂരിപക്ഷം പള്ളികളുടെയും നിയന്ത്രണം ഉള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കാന്തപുരം സുന്നി വിഭാഗമോ, മുജാഹിദ് വിഭാഗമോ ഇത്തരത്തിൽ പള്ളികളിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്നിരിക്കെയാണ് ലീഗിന്റെ ആഹ്വാനം.

  ലീഗ് പള്ളിക്കുള്ളിൽ സർക്കാരിനെതിരെ പ്രതിഷേധം നടത്തിയാൽ നാളെ ബിജെപി അമ്പലത്തിൽ സർക്കാരിനെതിരെ പ്രതിഷേധം നടത്തും. ഇത് ഒഴിവാക്കേണ്ടതാണ്. ലീഗിന്റെ സമ്മുന്നതനായ അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ട്, ലീഗ് ജനറൽ സെക്രട്ടറിയെ തിരുത്തും എന്നാണ് പ്രതീക്ഷ. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരവേദി ആക്കരുത് " ജലീൽ പറഞ്ഞു.

  നേരത്തെ ഐഎൻഎല്ലും സമാന അഭിപ്രായം സംഭവത്തിൽ രേഖപ്പെടുത്തിയിരുന്നു. ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ പറഞ്ഞു. എന്നാൽ ജലീലിന്റെ വാദങ്ങളെ സുന്നി മഹല്ല് ഫെഡറേഷൻ തള്ളി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കൂടി നേതാക്കളായ എസ് വൈ എസ് നേതാക്കൾ ആയ അബ്ദു സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി. വഖഫ് പള്ളിയുടെ സ്വത്താണ്, അത് സംരക്ഷിക്കാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. അത് മുസ്ലിം ലീഗ് അല്ല തീരുമാനിച്ചത് മറിച്ച് കോഴിക്കോട് ചേർന്ന മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റിയാണ്. അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു".

  Also Read-Periya twin murder case| പെരിയ ഇരട്ടക്കൊല കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 CPM പ്രവർത്തകർ അറസ്റ്റിൽ

  പള്ളികളിൽ പറയുന്നത് രാഷ്ട്രീയ വിഷയമല്ല മത വിഷയമാണ്. ശരീയത്ത്, മുത്തലാഖ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെ പള്ളികളിൽ ചർച്ച ചെയ്തിട്ടുണ്ട്. വിശ്വാസികളെ ബോധവത്ക്കരിക്കുക കടമയാണ്. സമസ്തയുടെ പള്ളികളിൽ ഒരു ക്രമസമാധന പ്രശ്നവും വെള്ളിയാഴ്ച്ച ഉണ്ടാവുകയില്ല. യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് പറയുക മാത്രമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചെയ്തത്."
  Also Read-കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനം; അധ്യാപകരെല്ലാം വാക്‌സിനെടുക്കണം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

  " മുൻപ് മതമില്ലാത്ത ജീവൻ വിവാദം ഉയർന്നപ്പോൾ എല്ലാ സംഘടനകളും അതിനെതിരെ രംഗത്ത് എത്തി പള്ളികളിൽ പ്രസംഗിച്ചു. അന്ന് ഉയരാത്ത വിവാദങ്ങൾ ഇപ്പോൾ ഉയരുന്നത് ശരിയല്ല. സർക്കാരിന്റെ നയത്തെ വിമർശിക്കുമ്പോൾ അത് എങ്ങിനെ രാഷ്ട്രീയം ആകും. യുഡിഎഫ് ആണെങ്കിലും എൽഡിഎഫ് ആണെങ്കിലും വിമർശിക്കേണ്ടത് വിമർശിക്കും." നാസർ ഫൈസി കൂടത്തായി പറഞ്ഞു.

  എന്നാൽ സമസ്തയിൽ തന്നെ ഇതിനും എതിരഭിപ്രായം ഉണ്ട്. തീരുമാനം ആത്മഹത്യാപരം എന്നു എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഫേസ്ബുക്കിൽ കുറിച്ചു. സമുദായ വിഷയങ്ങൾ സാമുദായികമായി കൈകര്യം ചെയ്യണം. അല്ലാതെ കൈകാര്യം ചെയ്തപ്പോൾ വലിയ അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. വഖഫിൽ ഈ അബദ്ധം ആവർത്തിക്കരുതെന്നും മുസ്ത മുണ്ടുപാറ അഭിപ്രായപെട്ടു. തീരുമാനത്തെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാമും രംഗത്തെത്തി.

  വഖഫ് ബോർഡിലെ നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം അവയിൽ രജിസ്റ്റർ ചെയ്ത പള്ളികളുടെ പ്രശ്‌നമാണ്.  ഇത് അവിടെ തന്നെയാണ് പറയേണ്ടതെന്ന്  പിഎംഎ സലാം പറഞ്ഞു. പ്രശ്‌നം പള്ളികളിൽ പറയണമെന്ന് പറഞ്ഞത് മത സംഘടനകളാണെന്നും അവിടെ തന്നെ വിഷയം വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി."

  വിഷയത്തിൽ മുസ്‌ലിം ലീഗിന് രാഷ്ട്രീയ താൽപര്യമില്ല. മത സംഘടനകളുടെ ഒപ്പമാണ് പാർട്ടി നിൽക്കുന്നത്. 16 മതസംഘടനകളുടെ യോഗമാണ് ചേർന്നത്. എല്ലാവരും ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്. താൻ അതിന്റെ വക്താവ് എന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞത് " . പിഎംഎ സലാം പറഞ്ഞു.

  സമകാലിക വിഷയങ്ങളിൽ ക്രിസ്ത്യൻ പള്ളികളിൽ ഇടയ ലേഖനം വായിക്കാറില്ലേയെന്നും കോണിക്ക് വോട്ട് ചെയ്യണമെന്നൊ മാർകിസ്റ്റ് പാർട്ടിക്ക് ചെയ്യരുതെന്നൊ പള്ളിയിൽ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ജലീലിന്റെ  അഭിപ്രായത്തെ സലാം തള്ളി. പ്രതിഷേധം പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി സ്ഥാനം പോയ അന്ന് മുതൽ ഇദ്ദേഹം പ്രതിഷേധിക്കുന്നുണ്ടെന്നും സലാം പരിഹസിച്ചു.
  Published by:Naseeba TC
  First published:
  )}