• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ ടി ജലീൽ രണ്ട് ദിവസം ടെൻഷനടിക്കട്ടെ'; ഗൂഢാലോചന കേസ് നിലനിൽക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ

'കെ ടി ജലീൽ രണ്ട് ദിവസം ടെൻഷനടിക്കട്ടെ'; ഗൂഢാലോചന കേസ് നിലനിൽക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ

''കെ ടി ജലീൽ രണ്ട് ദിവസം ടെൻഷടിക്കട്ടെ, വൈകാതെ തന്നെ സ്വപ്ന വിവരങ്ങൾ വെളിപ്പെടുത്തും''

  • Share this:
    കൊച്ചി: കെ ടി ജലീലിന്റെ (KT Jaleel) പരാതിയുടെ പശ്ചാത്തലത്തിലാണ് 164 സ്റ്റേറ്റ്മെന്റിൽ അദ്ദേഹത്തിനെതിരെ നൽകിയ പരാമർശങ്ങൾ സ്വപ്ന വെളിപ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ്. ''കെ ടി ജലീൽ രണ്ട് ദിവസം ടെൻഷടിക്കട്ടെ, വൈകാതെ തന്നെ സ്വപ്ന വിവരങ്ങൾ വെളിപ്പെടുത്തും''- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    കെ‌ ടി ജലീൽ നൽകിയ പരാതിയുടെ നിലനിൽപ്പിനെപ്പറ്റി മാത്രമാണ് ഇപ്പോൾ കോടതിയിൽ പറയുന്നത്. അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ കെ ടി ജലീൽ പരാതിയിൽ പറഞ്ഞിരിക്കുന്നത് 'എന്നെ അപകീർത്തിപ്പെടുത്തി, സർക്കാരിനെ അപകീർത്തിപ്പെടുത്തി, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി' എന്നാണ്. കെ ടി ജലീലിനെ അപകീർത്തിപ്പെടുത്തിയത് എന്താണ് 164ൽ പറഞ്ഞിട്ടുള്ളത് എന്ന് സ്വപ്ന പറഞ്ഞിട്ടില്ല. എന്നാൽ പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ കെ ടി ജലീലിന് അപമാനമുണ്ടാക്കിയ മൊഴി സ്വപ്ന വെളിപ്പെടുത്തുമെന്ന് അഭിഭാഷകൻ പറഞ്ഞു.

    Also Read- Swapna Suresh| 'ഗൂഡാലോചന നടത്തിയത് കെ ടി ജലീൽ;സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി വെളിപ്പെടുത്തും: സ്വപ്നാ സുരേഷ്

    അതേസമയം 164ന്റെ കാര്യം ഇപ്പോൾ സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഗൂഢാലോചന നടത്തി എന്ന് പറയുന്ന സെക്ഷൻ 153, കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തി എന്ന് പറയുന്ന സെക്ഷൻ 120 ബി അനുസരിച്ചിട്ടുള്ള കേസുമാണ് നിലവിൽ പരിഗണിക്കുന്നതെന്നും സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞു. കോടതിയിൽ കൊടുത്ത 164 സ്റ്റേറ്റ്മെന്റ് പത്രക്കാരോട് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമായ കാര്യമല്ല. അത് ഇല്ലാത്തിടത്തോളം കാലം സെക്ഷൻ 153 നിലനിൽക്കില്ല. സെക്ഷൻ 153 നിലനിൽക്കാത്ത കാലത്തോളം അത് ചെയ്യാനിരിക്കുന്ന ഗൂഢാലോചന കേസും നിലനിൽക്കില്ലെന്ന് അഭിഭാഷകനായ കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.

    സ്വർണക്കടത്ത് കേസിൽ കെ ടി ജലീലിന്റെ പങ്ക് ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്നാ സുരേഷ് നേരത്തെ പറഞ്ഞിരുന്നു. കെ ടി ജലീലിനെതിരെ 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞത്. ഗൂഢാലോചന നടത്തിയത് താനല്ല. കെ ടി ജലീലാണ്. കെ ടി ജലീലിനെ കുറിച്ചുള്ള കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും സ്വപ്ന വ്യക്തമാക്കി.

    ഷാജ് കിരൺ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീർപ്പിലോട്ട് കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരിൽ ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണ്.

    കെടി ജലീൽ എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. തനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ അയക്കുകയും ചെയ്തത് അവരാണ്. എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന് നമുക്ക് നോക്കാമെന്നും സ്വപ്ന പറഞ്ഞു.
    Published by:Rajesh V
    First published: