കൊച്ചി: തൃക്കാക്കരയിലെ (Thrikkakara By-Election) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ (Dr.Joe Joseph) വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പോലീസിന് കൈമാറും. സംഭവത്തില്‍ തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
Also Read- LDF സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വിഡിയോ: തെരഞ്ഞെടുപ്പു കഴിഞ്ഞും ഞങ്ങൾക്ക് ഇവിടെ ജീവിക്കണമെന്ന് ഭാര്യസമൂഹമാധ്യമത്തിൽ 3 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി.
''നേതാക്കളോടുള്ള അപേക്ഷയാണ്, ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പിൻമാറണം, പച്ചക്കള്ളമല്ലേ. ഇതിൽ വാസ്തവമില്ലല്ലോ. ഉണ്ടാക്കി എടുക്കുന്ന വിഡിയോകളല്ലേ. ഇങ്ങനെ ചെയ്യാൻ പാടുണ്ടോ, ഇതു വളരെ ക്രൂരമല്ലേ. കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ? അവരുടെ കൂട്ടുകാരെ കാണണ്ടേ? എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ? നമ്മൾ മനുഷ്യരല്ലേ? എന്റെ സ്ഥാനത്ത് വേറൊരാളായാലും വിഷമമുണ്ടാവില്ലേ?''- ദയാ പാസ്കൽ ചോദിക്കുന്നു.
Also Read- കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ''അദ്ദേഹത്തിന്റെ പേരിൽ വ്യക്തിപരമായി ഒരുപാടു ട്രോളുകൾ വന്നു. അതൊന്നും കാര്യമാക്കിയില്ല. നിലപാടുകളാണ് രാഷ്ട്രീയത്തിൽ മൽസരിക്കുന്നത് എന്നു മനസ്സിലാക്കാത്തവരോട് എന്തു പറയാനാണ്. കുടുംബത്തെക്കൂടി ബാധിക്കുന്ന കാര്യങ്ങളാകുമ്പോൾ പ്രതികരിക്കാതിരിക്കാനാകില്ല. ഇതിൽ ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഞങ്ങൾക്കെതിരെ ഒരു പ്രൊഫഷണൽ സ്ഥാനാർഥിയായാൽ ഇതാണ് അനുഭവം, സൂക്ഷിച്ചോ എന്നൊരു ഭീഷണിയാണിത്. തെരഞ്ഞെടുപ്പ് എല്ലാവർക്കും ശബ്ദിക്കാനുള്ള ഇടമാണ്.
ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നത്. പൊതുവിൽ കേരള സമൂഹം ഇതിനെ അങ്ങനെതന്നെ എടുക്കും. രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല. പാർട്ടി പരാതി കൊടുത്തിട്ടുണ്ട്. നിയമ നടപടികൾ തുടരും.
എതിർ സ്ഥാനത്തുള്ള രണ്ടു സ്ഥാനാർഥികൾക്കെതിരെ ഒരു വാക്കെങ്കിലും മോശമായി ആരെങ്കിലും സംസാരിച്ചിട്ടില്ല. അങ്ങോട്ടു വളരെ ആദരവോടെ, ബഹുമാനത്തോടെയാണു സംസാരിക്കുന്നത്. ആ ഒരു മാന്യതയുടെ അംശമെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്’’ - ദയാ പാസ്കൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.