• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kudumbashree @ 25 | 45 ലക്ഷം സ്ത്രീകളുടെ അംഗബലം; കുടുംബശ്രീക്ക് വയസ്സ് 25

Kudumbashree @ 25 | 45 ലക്ഷം സ്ത്രീകളുടെ അംഗബലം; കുടുംബശ്രീക്ക് വയസ്സ് 25

സ്ത്രീകളിലൂടെ കുടുംബങ്ങളുടെയും നാടിൻ്റെയും അത്താണിയായി മാറിയ ചരിത്രവും വർത്തമാനവുമാണ് കുടുംബശ്രീ പ്രസ്ഥാനത്തിൻ്റേത്

കുടുംബശ്രീ

കുടുംബശ്രീ

  • Share this:
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മാതൃകയായ കുടുംബശ്രീക്ക് (Kudumbashree) 25ന്റെ തിളക്കം. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളത്തിൻ്റെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. 45 ലക്ഷം സ്ത്രീകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. സ്ത്രീകളിലൂടെ കുടുംബങ്ങളുടെയും നാടിൻ്റെയും അത്താണിയായി മാറിയ ചരിത്രവും വർത്തമാനവുമാണ് കുടുംബശ്രീ പ്രസ്ഥാനത്തിൻ്റേത്.

അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ  ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. പിന്നീടത് സ്ത്രീ ശാക്തീകരണത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദരിദ്ര കുടുംബങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ടുള്ള സ്ത്രീകേന്ദ്രീകൃതവും പങ്കാളിത്താധിഷ്ഠിതവുമായ സമഗ്ര പദ്ധതിയായി കുടുംബശ്രീയെ രൂപപ്പെടുത്തുകയായിരുന്നു അന്നത്തെ  സര്‍ക്കാര്‍.

കേവല ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നവീന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ കുടുംബശ്രീ(മിഷന്‍) അഥവാ കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ നബാര്‍ഡിന്റെ സഹായത്തോടെയുള്ള സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1955ലെ തിരു.കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്ത്രീശാക്തീകരണവും വികസന പ്രക്രിയയിലെ സ്ത്രീകളുടെ പങ്കാളിത്തവുമാണ് വികസനത്തിലെ അനിവാര്യമായ ഘടകമായി പരിഗണിക്കപ്പെടുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനായി അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന നയപരിപാടിയുമായി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം വരുമാനം എന്നീ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിട്ടത്.

തദ്ദേശ സ്ഥാപനങ്ങളില്‍ അയല്‍ക്കൂട്ട രൂപീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ത്രിതല സംഘടനാ സംവിധാനത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഘടനയാണ് കുടുംബശ്രീയുടേത്. ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി വാര്‍ഡുതലത്തില്‍ സ്ത്രീകൂട്ടായ്മകള്‍ രൂപീകരിച്ച് അവരുടെ കരുത്തും ആത്മവിശ്വാസവും പരിപോഷിപ്പിക്കാനുള്ള അവസരം ലഭ്യമാക്കുകയായിരുന്നു കുടുംബശ്രീ.

അയല്‍ക്കൂട്ടങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച പ്രാദേശിക സ്ത്രീകൂട്ടായ്മകള്‍ സംഘടിത ശക്തിയെന്ന നിലയ്ക്ക് ദ്രുതഗതിയില്‍  വളര്‍ച്ച കൈവരിച്ചു. ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട യോഗങ്ങളില്‍ സ്ത്രീകള്‍  വളരെയധികം ആവേശത്തോടെ പങ്കെടുത്തു. ഓരോ വാര്‍ഡിലും പത്തു മുതല്‍ ഇരുപത് വരെ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും (എ.ഡി.എസ്.) എ.ഡി.എസുകള്‍ ചേര്‍ന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളും(സി.ഡി.എസ്) ഉള്‍പ്പെടുന്ന ത്രിതല സാമൂഹ്യ സംഘടനാ സംവിധാനമാണ് കുടുംബശ്രീയ്ക്കുള്ളത്. നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്.

കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകി പട്ടിണി അകറ്റി. വരുമാനത്തിന് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഒപ്പം നിന്നു. സ്ത്രീകളുടെ  കൈ പിടിച്ചു. അവരെ പുതിയ ലോകത്തേക്ക് എടുത്തുയർത്തി. അടുക്കള കൃഷിയും അച്ചാർ നിർമാണവും തുടങ്ങി ഐ.ടി. വരെ. കുടുംബശ്രീയിലൂടെ സ്ത്രീകൾ ചെന്നെത്താത്ത മേഖലകളില്ല.

ജനകീയ ഹോട്ടലുകൾ, ഭവന നിര്‍മാണ ഗ്രൂപ്പുകൾ, ഡ്രൈവിംഗ് സ്കൂൾ, റെ യില്‍വേ പാര്‍ക്കിംഗ്, കസ്റ്റമര്‍ ലോഞ്ച് മാനേജ്‌മെന്റ്, ഹൗസ്‌കീപ്പിംഗ്, സോഫ്ട് വെയർ നിർമാണം . അങ്ങനെയങ്ങനെ കാലത്തിനൊത്ത് കുടുംബശ്രീയും മാറുകയാണ്. വളരുകയാണ്.  ലക്ഷങ്ങൾ വരുമാനമുള്ള സംരംഭങ്ങൾ, തൊഴിലവസരങ്ങൾ,  സർവകലശാലകൾക്കും സർക്കാരുകൾക്കും പഠന മാതൃക. സ്ത്രീകളെ സ്വയം പര്യാപ്തമാക്കിയും നാടിൻ്റെ വളർച്ചയിൽ താങ്ങായും കുടുംബശ്രീ ജൈത്രയാത്ര തുടരുന്നു.
Published by:user_57
First published: