തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ. താൻ വർഗീയ പ്രചാരണം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് തനിക്കെതിരെ കേസെടുത്തില്ലെന്ന് കുമ്മനം ചോദിച്ചു. മന്ത്രിയുടെ അടുത്ത ആളല്ലേ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്നും കുമ്മനം പറഞ്ഞു.
താൻ പറഞ്ഞകാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് കുമ്മനം വ്യക്തമാക്കി. മാസപ്പടി ആരോപണത്തിൽ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. മാസപ്പടിക്കാരന്റെ ഡയറിയിൽ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. കടകംപള്ളിക്കെതിരെ ഒന്നും ഇക്കാര്യത്തിൽ പറഞ്ഞിരുന്നില്ല- കുമ്മനം വ്യക്തമാക്കി.
ഖേദംപ്രകടിപ്പിച്ച ശേഷം കടകംപള്ളി വീണ്ടും വീണ്ടും ആരോപണവുമായി വരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും വട്ടിയൂർക്കാവിൽ സുരേഷിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും കുമ്മനം വ്യക്തമാക്കി. മാറാട് കേസിൽ കോൺഗ്രസും സിപിഎമ്മുമാണ് പ്രതിപട്ടികയിലുള്ളതെന്നും ഇക്കാര്യം എ. കെ ആന്റണി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടിയായിരുന്നില്ല മറിച്ച് വർഗീയ പ്രചരണം നടത്തുന്നതിന് വേണ്ടിയായിരുന്നു കുമ്മനം ഫുഡ്കോർപ്പറേഷനിലെ ജോലി രാജിവെച്ചതെന്ന് കടകംപള്ളി ഇന്ന് സുരേന്ദ്രന് ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുതെന്നും കടകംപള്ളി വ്യക്തമാക്കി. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി കുമ്മനം നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ലെന്നും കടകംപള്ളി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.