HOME » NEWS » Kerala »

പാനൂർ കൊലക്കേസ്; അന്വേഷണ സംഘത്തലവൻ സിപിഎം പറയുന്നത് മാത്രം നടപ്പാക്കുന്ന ആൾ: പി.കെ കുഞ്ഞാലിക്കുട്ടി

ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി

News18 Malayalam | news18-malayalam
Updated: April 9, 2021, 5:40 PM IST
പാനൂർ കൊലക്കേസ്; അന്വേഷണ സംഘത്തലവൻ സിപിഎം പറയുന്നത് മാത്രം  നടപ്പാക്കുന്ന ആൾ: പി.കെ കുഞ്ഞാലിക്കുട്ടി
പി.കെ കുഞ്ഞാലിക്കുട്ടി
  • Share this:
മലപ്പുറം: പാനൂർ മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.  സി.പി.എം പറയുന്നത് മാത്രം അനുസരിക്കുന്ന ഉദ്യോഗസ്ഥനാണ് സംഘത്തലവന്‍. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാക്കളും അന്വേഷണ സംഘത്തലവന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്റെ നേതാക്കള്‍ മന്‍സൂറിന്റെ വീട്ടില്‍ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ത്തന്നെ നില്‍ക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read 'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാന്‍ പറ്റിയ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിയമിക്കുകയാണ്. അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണ്. ഈ അന്വേഷണത്തില്‍ വിശ്വാസമില്ല. കൊല്ലണമെന്ന് ഉറപ്പിച്ച് സിപിഎം വെട്ടിനുറുക്കുകയാണ്. ജീവന് യാതൊരു വിലയും നല്‍കുന്നില്ല. ഇത്തരം പ്രവൃത്തികളുടെ കാലം കഴിഞ്ഞു എന്ന് അവര്‍ വൈകാതെ മനസ്സിലാക്കും, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്‌സിനുകൾ സമ്മാനിച്ച് ഇന്ത്യ

അതേസമയം,  മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണസംഘത്തിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പുനല്‍കി. പൊലീസിലെ സിപിഎം ക്രിമിനലുകള്‍ അന്വേഷണ സംഘത്തിലുണ്ടെന്ന് കെ.സുധാകരന്‍ എംപി ആരോപിച്ചു.

ഷിനോസിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് പ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസിനെ സഹായിക്കും വിധത്തിലുള്ള നിര്‍ണായക തെളിവുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കണം. അതിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുചക്ര വാഹനങ്ങളും കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട്, മന്‍സൂറിന്‍റെ ബന്ധുക്കളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി രംഗത്തെത്തി. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. നിഷ്പക്ഷരും സത്യസന്ധരുമായ ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ഉടന്‍ കൈമാറണം. അല്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. നീതി തേടി കോടതിയെ സമീപിക്കും. യുഎപിഎ ചുമത്താത്തത് പൊലീസിന്‍റെ അനാസ്ഥയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

നാളെ പാനൂരില്‍ നടക്കുന്ന യുഡിഎഫ് പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Published by: Aneesh Anirudhan
First published: April 9, 2021, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories