• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുധീരന്‍ ഒറ്റയ്ക്കല്ല; എല്ലാം തുറന്നു പറയാനൊരുങ്ങി കുര്യനും


Updated: June 13, 2018, 3:24 PM IST
സുധീരന്‍ ഒറ്റയ്ക്കല്ല; എല്ലാം തുറന്നു പറയാനൊരുങ്ങി കുര്യനും

Updated: June 13, 2018, 3:24 PM IST
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ വി.എം സുധീരനു പിന്നാലെ നേതൃത്വത്തെ പരസ്യമായി കടന്നാക്രമിക്കാനുറച്ച് പി.ജെ കുര്യനും. സുധീരന്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ ഗ്രൂപ്പ് മാനേജര്‍മാര്‍ അച്ചടക്കത്തിന്റെ പേരില്‍ തടിതപ്പുന്ന സാഹചര്യത്തിലാണ് പരസ്യമായി രംഗത്തെത്താന്‍ കുര്യനും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കുര്യന്‍ ഡെല്‍ഹിയില്‍ പത്രസമ്മേളനം നടത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കെ.എം മാണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പാര്‍ട്ടിയുമായോ മുന്നണിയുമായോ ആലോചിക്കാതെ രജ്യസഭാ സീറ്റ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനും കൂട്ടായെടുത്ത തീരുമാനമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തിയത്. പ്രതിരോധത്തിലായ നേതാക്കളെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിച്ച് ഗ്രൂപ്പ് കൂറു തെളിയിക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയതാണ് വി.എം സുധീരനെ പരസ്യമായ അഭിപ്രായപ്രകടനത്തിനു പ്രേരിപ്പിച്ചത്.

പ്രതിരോധിക്കാനാകാത്ത വിധം സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളിലുള്ള ഗ്രൂപ്പ് മാനേജര്‍മാരാണ് പുറത്തിറങ്ങാനാകാത്ത തരത്തില്‍ നാണക്കേടിലായത്. ഈ അവസരം പരമാവധി മുതലെടുത്ത്, രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളും വാദഗതികളും പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് കുര്യനും ആലോചിക്കുന്നത്.

കെ. കരുണാകരന്റെ അഭാവത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സംസ്ഥാനത്ത് തങ്ങള്‍ക്കു പകരം മറ്റാരും വേണ്ടെന്ന നിലപാടെടുത്തതും മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇരുഗ്രൂപ്പുകളും ഒറ്റക്കെട്ടായി കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരുന്ന വി.എം സുധീരനെതിരെ പടയൊരുക്കം തുടങ്ങിയത്. എ ഗ്രൂപ്പുകാരനാണെങ്കിലും ചെന്നിത്തലയുമായുള്ള അടുത്ത ബന്ധമാണ് സുധീരനു പകരം കെ.പി.സി.സി അധ്യക്ഷനാകാന്‍ എം.എം ഹസനു സഹായകമായത്. ഇതിന്റെ ഭാഗമായാണ് തന്റെ പാര്‍ശ്വവര്‍ത്തികളെ പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും തലപ്പെത്തിക്കാന്‍ ചെന്നിത്തല നടത്തിയ നീക്കങ്ങള്‍ക്ക് കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ ഹസന്‍ മൗനാനുവാദം നല്‍കേണ്ടി വന്നതും. ഇത് ഐ ഗ്രൂപ്പ് നേതാക്കളുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. എന്നാല്‍ താല്‍കാലിക അധ്യക്ഷ സ്ഥാനത്തു നിന്ന് സ്ഥിരം അധ്യക്ഷനായി തുടരാന്‍ ഹസന് സഹായകരമായതും ചെന്നിത്തലയോട് പുലര്‍ത്തിയ ഈ മൃദു സമീപനമാണ്.

എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കച്ചവടത്തോടെ നേതാക്കളുടെ അവിശുദ്ധ ബന്ധം പുറത്താകുകയും ഗ്രൂപ്പ് മാനേജര്‍മാര്‍ക്കു പോലും പരസ്യമായി പ്രതികരിക്കേണ്ടി വരുകയും ചെയ്തു. ഈ അവസരം മുതലെടുത്താണ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരനെ രംഗത്തിറങ്ങിയത്. സുധീരന്റെ അപ്രതീക്ഷിത നീക്കം നേതാക്കളെ പ്രതിരോധത്തിലാക്കിയപ്പോള്‍ സാധാരണ പ്രവര്‍ത്തകരെ പാര്‍ട്ടിയോടുപ്പിച്ചെന്നതാണ് യാഥാര്‍ഥ്യം. ഇതു മനസിലാക്കിയാണ് പി.ജെ കുര്യനും നേതാക്കള്‍ക്കെതിരായ മറ്റൊരു ആക്രമണത്തിന് അണിയറയില്‍ തയാറെടുക്കുന്നത്.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍