• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആഗോള നിലവാരത്തിലേക്ക് കുറുമാത്തൂര്‍ സർക്കാർ സ്കൂൾ

ആഗോള നിലവാരത്തിലേക്ക് കുറുമാത്തൂര്‍ സർക്കാർ സ്കൂൾ

13 ഹൈടെക് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്

കുറുമാത്തൂര്‍ സ്കൂൾ

കുറുമാത്തൂര്‍ സ്കൂൾ

  • Share this:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും പൊതുജനങ്ങളില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നും സമാഹരിച്ച 32 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

13 ഹൈടെക് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനാകും.

സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസിന്റെ സമഗ്ര വികസനത്തിനായി 21 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.  13 ക്ലാസ്മുറികള്‍, കംമ്പ്യൂട്ടര്‍ ലാബ്, ഷീ റൂം, കൗണ്‍സലിംഗ് റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റിസോഴ്‌സ് റൂം, സ്റ്റാഫ് റൂം, ഓഫീസ് മുറി, പ്രിന്‍സിപ്പല്‍- വൈസ് പ്രിന്‍സിപ്പല്‍ മുറി, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബ്ലോക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടത്തില്‍ മുഴുവന്‍ ക്ലാസ്മുറികളിലും പ്രൊജക്ടറും ഇന്റര്‍നെറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ക്കായിരുന്നു നിര്‍മ്മാണ ചുമതല. സ്‌കൂള്‍ ഗെയിറ്റിനോട് ചേര്‍ന്ന് സെക്യൂരിറ്റി റൂമും ഒരുക്കിയിട്ടുണ്ട്.

മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2016 സപ്തംബര്‍ എട്ടിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാലയ വികസന കൂട്ടായ്മ വിളിച്ച് ചേര്‍ത്തത് . തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഒരു കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനായിരുന്നു തീരുമാനം.

2016 ഡിസംബറില്‍ വിശദമായ ഡിപിആര്‍ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് സമര്‍പ്പിച്ചു. 2017 ഫെബ്രുവരി 14 ന് വാര്‍ഡ്തല സമിതി രൂപീകരിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ ചെയര്‍മാനായി സാമ്പത്തിക സമാഹരണം ആരംഭിച്ചു. ഒക്ടോബറില്‍ 5.32 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കുകയും 2018 ജൂലൈ രണ്ടിന് വിദ്യാഭ്യാസ മന്ത്രി അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഭാഗത്ത് നിന്ന് നിര്‍ലോഭമായ സഹകരണമാണ് സ്‌കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിന് ലഭിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തങ്ങളുടെ ഒരുമാസത്തെ ഓണറേറിയം സ്‌കൂളിനായി സംഭാവന ചെയ്തു. പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണത്തില്‍ 10 ലക്ഷം രൂപ കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതുഭരണ ഫണ്ടില്‍ നിന്നാണ്. പൂര്‍വ്വ വിദ്യാര്‍ഥികളുടെ വകയായുള്ള വാഷ് ഏരിയ സ്‌കൂളില്‍ തയ്യാറായി വരികയാണ്. 1.20 ലക്ഷം രൂപ ചെലവിട്ട് പിടിഎയുടെ നേതൃത്വത്തില്‍ കുഴല്‍ക്കിണറും നിര്‍മ്മിച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ചുറ്റുമതിലിന്റെയും 12 ലക്ഷം രൂപ വിനിയോഗിച്ച് പെണ്‍കുട്ടികളുടെ വിശ്രമമുറിയുടെയും നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വിശ്രമ മുറിക്കാവശ്യമായ ഫര്‍ണിച്ചറും ജില്ലാ പഞ്ചായത്ത് നല്‍കി. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്ത്ര പോഷിണി ലാബും സ്‌കൂളിനായി അനുവദിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് 36 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 15.5 ലക്ഷം രൂപയുടെ സ്‌കൂള്‍ ബസും എംഎല്‍എ ഫണ്ടില്‍ നിന്ന് നല്‍കിയിട്ടുണ്ട്. സര്‍വ്വശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ലാബ്, ആര്‍ട്ട് റൂം, ലൈബ്രറി എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും പുരോഗമിച്ച് വരികയാണ്.

1981 ല്‍ പൊക്കുണ്ടിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള അറുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുള്ള സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം പഠന നിലവാരവും മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
First published: